തൃശൂര്‍ എടുത്ത് അതിനെക്കാള്‍ മികച്ച ഒരു തൃശൂരിനെ ജനങ്ങള്‍ക്ക് നല്‍കണമെന്നാണ് ആഗ്രഹം: സുരേഷ് ഗോപി

single-img
13 May 2019

തൃശൂര്‍ പൂരം നേരിട്ടു കാണാനെത്തിയതിന്റെ സന്തോഷത്തിലാണ് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ആദ്യമായിട്ടാണ് പൂരപ്പറമ്പില്‍ പൂര ദിവസം എത്തുന്നത്. വലിയ ആവേശത്തോടെയാണ് തൃശൂര്‍ പൂരത്തിന്റെ ഭാഗമാകുന്നത്.

സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താകും തന്റെ പൂരാഘോഷം. താന്‍ ചെല്ലുന്നത് മൂലം മറ്റുള്ളവര്‍ക്ക് അസൗകര്യമെന്നുമില്ലെന്ന് ഉറപ്പുവരുത്തുമെന്ന് അദേഹം പറഞ്ഞു. പൂരദിനത്തില്‍ ആദ്യമെത്തുന്ന ഘടകപൂരം കണിമംഗലം ശാസ്താവിനെ വഴിയരുകില്‍ കാത്തുനിന്ന് സുരേഷ് ഗോപി തൊഴുതു.

കഴിഞ്ഞ നാല് ദിവസമായി ഇവിടെയുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ടിവിയിലൂടെ മാത്രം കണ്ടു പരിചയിച്ചിട്ടുള്ള തൃശൂര്‍ പൂരം നേരിട്ടനുഭവിക്കാന്‍ കഴിയുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

മുണ്ടും മടക്കിക്കുത്തി തലയിലൊരു കെട്ടും കെട്ടി തൃശൂര്‍ പൂരം ആഘോഷിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ സെലിബ്രിറ്റി ആയതുകൊണ്ട് അത് പല സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കുമെന്നതിനാല്‍ അത്തരം ആഘോഷങ്ങളില്‍ നിന്നെല്ലാം പരമാവധി മാറി നില്‍ക്കാന്‍ ശ്രമിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

സോഷ്യയില്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്ത ‘തൃശൂര്‍ ഞാനിങ്ങെടുക്കുവാ’ പ്രസംഗത്തെക്കുറിച്ചും സുരേഷ് ഗോപി വിശദീകരിച്ചു. തൃശൂര്‍ എടുക്കുകയാണെന്ന് പറഞ്ഞത് വളരെ സ്‌നേഹത്തോടെയാണ്. ഇപ്പോഴുള്ള തൃശൂര്‍ എടുത്ത് അതിനെക്കാള്‍ മികച്ച ഒരു തൃശൂരിനെ ജനങ്ങള്‍ക്ക് നല്‍കണമെന്നാണ് ആഗ്രഹം. ഈശ്വരാനുഗ്രഹവും ജനപിന്തുണയും ഉണ്ടെങ്കില്‍ എല്ലാം സാധ്യമാവുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.