യാത്രക്കാരനറിയാതെ ബൈക്കില്‍ ‘ലിഫ്റ്റടിച്ച്’ 23 കിലോമീറ്റര്‍ യാത്ര ചെയ്ത് പാമ്പ്; ഗട്ടറില്‍ ചാടിയപ്പോള്‍ പത്തി വിടര്‍ത്തി പെട്രോള്‍ ടാങ്കിന്റെ മുകളില്‍!

single-img
13 May 2019

ഓടുന്ന ബൈക്കില്‍നിന്ന് പാമ്പ് തലനീട്ടി പുറത്തുവന്നത് യാത്രക്കാരനെ പരിഭ്രാന്തനാക്കി. ശനിയാഴ്ച രാത്രി പത്തോടെ കൊളത്തൂര്‍ പെര്‍ളടുക്കത്താണ് സംഭവം. കാസര്‍കോട്ടുനിന്ന് കുറ്റിക്കോലിലേക്ക് പോകുകയായിരുന്ന ബൈക്ക് യാത്രക്കാരന്‍ 23 കിലോമീറ്റര്‍ യാത്രചെയ്ത ശേഷമാണ് പാമ്പിനെ കണ്ടത്.

കൊളത്തൂര്‍ പതിക്കാല്‍ കാളരാത്രി ഭഗവതി ക്ഷേത്രം കമാനത്തിനടുത്ത റോഡുപണി നടക്കുന്ന ഭാഗത്ത് എത്തിയപ്പോള്‍ ബൈക്ക് കുലുങ്ങിയതോടെ പാമ്പ് തല നീട്ടി പെട്രോള്‍ ടാങ്കിന്റെ മുകളിലേക്ക് ഇഴഞ്ഞെത്തുകയായിരുന്നു. ബൈക്ക് ഒരു വിധം നിര്‍ത്തി യുവാവ് റോഡരികില്‍ ഉണ്ടായിരുന്നവരോട് സംഭവം പറഞ്ഞു.

അവരെത്തി വിഷപ്പാമ്പിനെ പുറത്തെടുത്ത് തല്ലിക്കൊന്നു. പാമ്പ് ബൈക്കിന്റെ മുന്‍ഭാഗത്തെ ഹാന്‍ഡിലിനോട് ചേര്‍ന്ന മീറ്റര്‍ ബോക്‌സിനടിയില്‍ നേരത്തെ കയറിയതാണെന്ന് സംശയിക്കുന്നു.

കടപ്പാട്: മാതൃഭൂമി