നിങ്ങൾ എത്ര കള്ളങ്ങൾ പറഞ്ഞ് തകർക്കാൻ ശ്രമിച്ചാലും പതറാതെ നിൽക്കും. യൂണിവേഴ്സിറ്റി കോളേജ് എസ് എഫ് ഐ യുടെ കൂടെ: സച്ചിൻദേവ്

single-img
13 May 2019

കെ മുരളീധരനെതിരെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ.എം സച്ചിൻ ദേവ് രംഗത്ത്. യൂണിവേഴ്‌സിറ്റി കോളേജ് കെട്ടിടം ചരിത്രമ്യൂസിയമായി സംരക്ഷിക്കുകയോ പൊളിച്ചു മാറ്റുകയോ ചെയ്യണമെന്ന് കെ മുരളീധരൻ എംഎ എയുടെ പ്രസ്താവനയ്ക്കു പിന്നാലെ മറുപടിയുമായാണ് സച്ചിൻ ദേവ് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്.

കഴിഞ്ഞ കുറച്ചു കാലമായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിനെയും അതുവഴി എസ് എഫ് ഐ യും തകർക്കുന്നതിനുള്ള വലിയ പരിശ്രമങ്ങൾ നടക്കുന്നു. വലത്പക്ഷ മാദ്ധ്യമങ്ങൾ സത്യങ്ങൾ മറച്ച് വെച്ച് കള്ള പ്രചാരങ്ങൾ നടത്തുകയാണ്. അധികാര വർഗ്ഗത്തിന്റെ വിദ്യാർത്ഥി വിരുദ്ധ നയങ്ങൾക്കെതിരെ ചരിത്രത്തിന്റെ ഭാഗമായ നിരവധി വിദ്യാർഥിസമരങ്ങൾ നടന്ന കലാലയമാണ് യൂണിവേഴ്സിറ്റി കോളേജ്”-സച്ചിൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം:

ഉറച്ചനിലപാടുകളുമായി…..
തല ഉയർത്തി തന്നെ നിൽക്കും…
എസ്.എഫ്.ഐ യോടൊപ്പം…..
യൂണിവേഴ്സിറ്റി കോളേജ്…..

കഴിഞ്ഞ കുറച്ചു കാലമായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിനെയും അതുവഴി എസ് എഫ് ഐ യും തകർക്കുന്നതിനുള്ള വലിയ പരിശ്രമങ്ങൾ നടക്കുന്നു.

വലത്പക്ഷ മാധ്യമങ്ങൾ സത്യങ്ങൾ മറച്ച് വെച്ച് കള്ള പ്രചാരങ്ങൾ നടത്തുകയാണ്.

അധികാര വർഗ്ഗത്തിന്റെ വിദ്യാർത്ഥി വിരുദ്ധ നയങ്ങൾക്കെതിരെ ചരിത്രത്തിന്റെ ഭാഗമായ നിരവധി വിദ്യാർഥിസമരങ്ങൾ നടന്ന കലാലയമാണ് യൂണിവേഴ്സിറ്റി കോളേജ്. ലോകമറിയപ്പെടുന്ന വിദ്യാർത്ഥികളെയും അധ്യാപകരെയും സംഭാവന ചെയ്ത കലാലയം കൂടിയാണ്.

കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക് ദേശീയാടിസ്ഥാനത്തിൽ മികച്ച 100 കോളേജുകളുടെ പട്ടിക തയ്യാറാക്കിയതിൽ യൂണിവേഴ്സിറ്റി കോളേജ് 18-ാമതും കേരളത്തിൽ ഒന്നാമതുമാണ്. വിദ്യാർത്ഥി സംഘടനകളെ നിരോധിച്ച സ്വകാര്യ മാനേജ്മെന്റ് കോളേജുകളൊക്കെ ഈ കലാലയത്തിന് എത്രയോ പിന്നിലാണ്.

റാങ്കിങ്ങിനായുള്ള മാനദണ്ഡങ്ങളിൽ പിഎച്ച്.ഡി, എം.ഫിൽ കോഴ്സുകളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. അതുകൂടി കണക്കിലെടുത്തിരുന്നുവെങ്കിൽ റാങ്കിങ്ങിൽ വീണ്ടും മുന്നിലെത്തുമായിരുന്നു.

23 വകുപ്പുകളിൽ ബിരുദ, ബിരുദാനന്തര വിഭാഗങ്ങളിലായി ഏകദേശം മൂവായിരത്തിലധികം കുട്ടികൾ പഠിക്കുന്നു. ഭൂരിഭാഗവും പെൺകുട്ടികൾ പഠിക്കുന്ന ഇവിടെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും വിദേശത്തുനിന്നുള്ളവരും വിദ്യാർഥികളായുണ്ട്. സർവകലാശാല പരീക്ഷകളിലും മറ്റ് മത്സര പരീക്ഷകളിലുമൊക്കെ മുൻനിരയിൽ നിൽക്കുന്ന കലാലയം അവസാന വർഷ പരീക്ഷ ഫലം വന്നപ്പോൾ നേടിയത് 80 ൽ അധികം റാങ്കുകളാണ്. മൊത്തം വിദ്യാർഥികളിൽ പകുതിയലധികംപേർക്കും വിവിധ സ്കോളർഷിപ്പുകൾ ലഭിക്കുന്നുണ്ടെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക് വ്യക്തമാക്കുന്നു. 2016-17 അക്കാദമിക വർഷത്തിൽ ബിരുദതലത്തിലുള്ള 1242 വിദ്യാർഥികൾ വിവിധ സ്കോളർഷിപ്പുകൾക്ക് അർഹരായിരുന്നു. ബിരുദാനന്തര ബിരുദ തലത്തിലാകട്ടെ 214 പേരും ഇത്തരത്തിൽ സ്കോളർഷിപ്പുകൾക്ക് അർഹരാവുകയും ചെയ്തു. പ്ലേസ്മെന്റുകളുടെ കാര്യത്തിലും യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർഥികൾക്ക് വലിയ മുന്നേറ്റമാണ് നടത്തുന്നത്. ബിരുദതലത്തിലുള്ള 128 വിദ്യാർഥികൾക്കാണ് 2016-17 വർഷത്തിൽ വിവിധ കമ്പനികളിലായി പ്ലേസ്മെന്റ് ലഭിച്ചത്. 1.78 ലക്ഷം ശരാശരി ശമ്പളത്തിലാണ് ഇവർ ജോലിയിൽ പ്രവേശിച്ചത്. ബിരുദാനന്തര ബിരുദതലത്തിൽ നിന്ന് 214 വിദ്യാർഥികൾക്കും കാമ്പസ് സെലക്ഷൻ ലഭിക്കുകയുണ്ടായി. 2.62 ലക്ഷം രൂപയാണ് ഇവരുടെ ശരാശരി ശമ്പളമെന്ന് എൻ.ഐ.ആർ.എഫ്. ചൂണ്ടിക്കാട്ടുന്നു.കഴിഞ്ഞ പതിനഞ്ച് വർഷമായി കേരള സർവ്വകലാശാലയുടെ യുവജനോത്സവത്തിൽ രണ്ടാം സ്ഥാനം നേടുന്നു. സർഗ്ഗാത്മകമായ യൂണിയൻ പ്രവർത്തനങ്ങൾ മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച് നടത്തുന്നു.കേരളത്തിലെ ഏറ്റവും മികച്ച ക്യാമ്പസ് മാഗസീനുകൾ ഇറങ്ങുന്നതും ഇവിടെ നിന്നാണ്. ഇനിയുമുണ്ട് നേട്ടങ്ങളുടെ പട്ടിക. അതായത് ഏത് മാനദണ്ഡം വെച്ച് അളന്നാലും മികച്ച് നിൽക്കുക യൂണിവേഴ്സിറ്റി കോളേജ് തന്നെ. സമൂഹത്തിലെ എല്ലാ മാറ്റങ്ങളോടും കലഹിച്ചിട്ടുള്ള പാരമ്പര്യം.പ്രതിരോധം തീർക്കേണ്ടയിടത്ത് പടച്ചട്ട അണിഞ്ഞവർ. തെറ്റിനോട് വിരൽ ചൂണ്ടിയവർ.ചുവപ്പിനെ പ്രണയിച്ചവർ……

നിങ്ങൾ എത്ര കള്ളങ്ങൾ വർഷിച്ചാലും തകർക്കാൻ ശ്രമിച്ചാലും പതറാതെ നിൽക്കും…… പൊരുതിക്കയറും….. യൂണിവേഴ്സിറ്റി കോളേജ് എസ് എഫ് ഐ യുടെ കൂടെ …. നിലപാടുകളുടെ കൂടെ…