മോദിയെ നിങ്ങള്‍ വിലകുറച്ച് കാണരുത്; ക്ലൈമറ്റ് ചെയ്ഞ്ചിനെ കുറിച്ച് പുസ്തകം എഴുതിയ ആളാണ് മോദി; ചാനല്‍ ചര്‍ച്ചയില്‍ ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍

single-img
13 May 2019

മേഘങ്ങള്‍ ഉണ്ടെങ്കില്‍ റഡാറുകളുടെ കണ്ണുവെട്ടിക്കാം എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ കുറിച്ചുള്ള മനോരമ ചാനലിന്റെ ചര്‍ച്ചയില്‍ ‘വെള്ളംകുടിച്ച്’ ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍. പ്രധാനമന്ത്രിയുടെ പ്രസ്താവനയെ പൂര്‍ണ്ണമായി പിന്തുണച്ച സന്ദീപ് പ്രധാനമന്ത്രി പറഞ്ഞ രീതിയിലല്ല മനോരമ സബ് ടൈറ്റില്‍ കൊടുത്തതെന്നും നിങ്ങള്‍ക്ക് ഹിന്ദി അറിയില്ലേ എന്നും ചോദിച്ചു.

‘നിഷ ഹിന്ദി പഠിച്ച സ്‌കൂളിലെ ടീച്ചറെ എനിക്ക് ഒന്ന് കാണണം. എന്താണ് മോദി പറഞ്ഞത്. വലിയൊരു പ്രതിസന്ധി വന്നു. ഹം എന്ന് പറഞ്ഞ സ്ഥലത്ത് നിങ്ങള്‍ അദ്ദേഹത്തെ മാത്രം ആട്രിബ്യൂട്ട് ചെയ്തു. ഞങ്ങള്‍ എല്ലാവരും കൂടിയാലോചിച്ചു. ഞാന്‍ എന്നല്ല ഞങ്ങള്‍ എന്നാണ് മോദി പറഞ്ഞതെന്നും സന്ദീപ് പറഞ്ഞു.

‘നരേന്ദ്രമോദിക്ക് ബാലജന സഖ്യത്തിന്റെ പിന്തുണയോ ഡൂണ്‍ സ്‌കൂളിന്റെ പശ്ചാത്തലമോ ഒന്നും ഇല്ലായിരിക്കാം, പക്ഷെ ഈ രാജ്യത്ത് ക്ലൈമറ്റ് ചെയ്ഞ്ചിനെ കുറിച്ച് ഏറ്റവും ആധികാരികമായി ഒരു പുസ്തകം എഴുതിയ ആളാണ്. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ എഴുതിയ പുസ്തകം പ്രകാശനം ചെയ്തത് ലോകപ്രശസ്ത ശാസ്ത്രജ്ഞനായ അബ്ദുല്‍കലാം ആയിരുന്നു.

2018 ലെ യു.എന്നിന്റെ ചാംപ്യന്‍ ഓഫ് എര്‍ത്ത് അവാര്‍ഡ് വാങ്ങിയ ആളാണ് മോദി. അത് കൊണ്ട് നിങ്ങള്‍ മോദിയുടെ ഇന്റലെക്ച്വല്‍ കപ്പാസിറ്റിയെ ഡീഗ്രേഡ് ചെയ്യരുത്. മോദിയെ വിലകുറച്ച് കാണരുത്’. ചര്‍ച്ചയില്‍ സന്ദീപ് പറഞ്ഞു.

അതേസമയം ചര്‍ച്ചയില്‍ പങ്കെടുത്ത സി.പി.എം പ്രതിനിധി എം.ബി രാജേഷ് മോദിയുടെത് ഒരു അഭിപ്രായപ്രകടനം ആയിരുന്നില്ലെന്നും അത് വ്യക്തമായ നിര്‍ദേശം കൊടുക്കലായിരുന്നെന്നും മോദിയുടെ വാക്കുകള്‍ കേള്‍പ്പിച്ചു കൊണ്ട് പറഞ്ഞു. നേരത്തെയും ബി.ജെ.പി നേതാക്കള്‍ ചാനല്‍ ചര്‍ച്ചയില്‍ മോദിയുടെ ഹിന്ദിയെ തെറ്റായി തര്‍ജമ ചെയ്തിട്ടുണ്ടെന്നും ഇവര്‍ക്ക് ആരാണ് ഹിന്ദി പഠിപ്പിച്ച് കൊടുക്കുന്നതെന്നത് പ്രധാനപ്പെട്ട പ്രശ്‌നമാണെന്നും എം.ബി രാജേഷ് തിരിച്ചടിച്ചു.