ബി.ജെ.പി അനുഭാവ സംഘടനകള്‍ക്ക് താന്‍ കോണ്‍ഗ്രസിനെക്കാള്‍ അഞ്ചിരട്ടിയിലധികം സാമ്പത്തിക സഹായം നല്‍കി; സാക്കിര്‍ നായിക്

single-img
13 May 2019

തനിക്ക് ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും അടുത്ത ബന്ധമില്ലെന്ന് വിവാദ ഇസ്ലാമിക് പ്രഭാഷകന്‍ സാക്കിര്‍ നായിക്. കോണ്‍ഗ്രസിനോട് പ്രത്യേകിച്ച ഒരുവിധ അടുപ്പവുമില്ല. കോണ്‍ഗ്രസിനോട് അനുഭാവമുണ്ടെന്ന് പ്രചരിപ്പിക്കുന്നതിനാല്‍ ബിജെപിക്ക് നേട്ടമുണ്ടാവുന്നുണ്ട്.

കോണ്‍ഗ്രസും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രഭാഷണങ്ങള്‍ക്കായി പോയിട്ടുണ്ട്. ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷന്‍ എന്നത് ഒരു ചാരിറ്റബിള്‍ സംഘടനയാണ്. നിരവധി എന്‍ജിഒകള്‍ക്ക് സംഘടന സഹായം നല്‍കുന്നുണ്ട്. രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിന് ഐആര്‍എഫ് 50 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു.

പക്ഷേ, അവര്‍ വിശദീകരണം കൂടാതെ ആ പണം തിരികെ നല്‍കി. എന്നാല്‍, അതിനെക്കാള്‍ കൂടുതല്‍ സംഭാവനകള്‍ ബിജെപിയോട് അനുഭാവം പുലര്‍ത്തുന്ന സംഘടനകള്‍ക്ക് നല്‍കിയിട്ടുണ്ട്. ചാരിറ്റിക്കായാണ് പണം നല്‍കുന്നത്, അല്ലാതെ പാര്‍ട്ടികള്‍ക്കല്ലെന്നും സാക്കിര്‍ നായിക് ദി വീക്കിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

‘ബി.ജെ.പിയെ ഞാന്‍ യഥാര്‍ത്ഥ ഹിന്ദുവിശ്വാസികളായി കാണുന്നില്ല. ബി.ജെ.പിയെക്കാള്‍ ആ വിശേഷണത്തിന് അര്‍ഹര്‍ കോണ്‍ഗ്രസാണ്. മോദിക്ക് ഹിന്ദു വേദ ഗ്രന്ഥങ്ങള്‍ അറിയുമോ. തമ്മില്‍ ഒരു സംവാദമാവാം. ഹിന്ദുത്വത്തെ പറ്റി ചര്‍ച്ച ചെയ്യാം. വേദ ഗ്രന്ഥങ്ങള്‍ പറയുന്നത് കളവു പറയരുതെന്നും, വഞ്ചിക്കരുതെന്നുമാണ്. എന്നാല്‍ എന്തിനാണവര്‍ കള്ളം പറയുന്നത്’ ബി.ജെ.പി അധികാരത്തില്‍ തുടര്‍ന്നാല്‍ താന്‍ തിരിച്ച് ഇന്ത്യയിലേക്കില്ലെന്നും നായിക് പറഞ്ഞു.

‘ബി.ജെ.പിയേയും കോണ്‍ഗ്രസിനേയും താരതമ്യം ചെയ്യുകയാണെങ്കില്‍, കോണ്‍ഗ്രസ് ബി.ജെ.പിയെക്കാള്‍ കുറവ് ആപത്കരം മാത്രമാണെന്നും നായിക് പറയുന്നു. കോണ്‍ഗ്രസ് ഉള്‍പ്പടെ എല്ലാവരും അവരുടെ മെച്ചത്തിനായാണ് പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ് സത്യസന്ധരാണെങ്കില്‍ അവര്‍ ബാബരി മസ്ജിദ് ധ്വംസനം നടക്കുമായിരുന്നില്ല. ഇന്ന് കോണ്‍ഗ്രസിന് മുസ് ലിംങ്ങളോട് മൃദുസമീപനമാണെങ്കില്‍ അത് അവരുടെ നേട്ടത്തിനായി മാത്രമാണ്’ നായിക് പറയുന്നു.