ശബരിമല ക്ഷേത്രം നാളെ തുറക്കും; യുവതികൾ എത്തുമെന്ന മുൻകരുതലിൽ പ്രതിഷേധക്കാരും പൊലീസും

single-img
13 May 2019

ശബരിമല ക്ഷേത്രം നാളെ തുറക്കും. ഇടവ മാസ പൂജകൾക്കായാണ് ശബരിമല ക്ഷേത്രനട ചൊവ്വാഴ്ച തുറക്കുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ ചിലരുടെ പിന്തുണയോടെ ആചാരലംഘനം വീണ്ടുമുണ്ടാകുമെന്ന പ്രതീക്ഷയിൽ തടയാൻ ശബരിമല കർമസമിതിയുൾപ്പെടെയുള്ളവരും തയ്യാറാകുന്നതായാണ് വിവരം.

മകരവിളക്കുകാലത്തിനുശേഷം ക്ഷേത്രനട വിവിധ സമയങ്ങളിലായി 30 ദിവസം തുറന്നിരുന്നെങ്കിലും യുവതികളാരും പ്രവേശനത്തിനെത്തുകയോ സംരക്ഷണംതേടി പോലീസിനെയോ ജില്ലാ ഭരണകൂടത്തെയോ സമീപിച്ചിരുന്നില്ല. ഇതുതുടരാൻ സാധ്യതയില്ലെന്നാണ് പോലീസിന്റെ വിലയിരുത്തൽ.

റിവ്യൂ ഹർജിയിൽ മാസപൂജയ്ക്ക് മുമ്പ് തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സുപ്രീംകോടതി വേനലവധിക്ക് പിരിഞ്ഞതോടെ അതുണ്ടായില്ല. ചില ആക്ടിവിസ്റ്റ് സംഘടനകളുടെ നേതൃത്വത്തിൽ യുവതികളെ എത്തിച്ചേക്കുമെന്ന വാർത്തകൾ സാമൂഹിക മാധ്യമങ്ങൾവഴി പ്രചരിക്കുന്നതിൻ്റെ അടിസ്ഥാനത്തിൽ സുരക്ഷ വർധിപ്പിക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.