വീണ്ടും നാണംകെട്ട് മോദി: 1987-88 ല്‍ ഡിജിറ്റല്‍ ക്യാമറ കൊണ്ട് ഫോട്ടോ എടുത്ത് മെയില്‍ ചെയ്‌തെന്ന് മോദി; പരിഹസിച്ച് വിമര്‍ശകര്‍

single-img
13 May 2019

1988ലേ ഡിജിറ്റല്‍ ക്യാമറയും ഇമെയിലും ഉപയോഗിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശവാദത്തിനും സോഷ്യല്‍ മീഡിയയില്‍ ട്രോള്‍പൂരം. ‘ഇന്‍ക്രെഡിബിള്‍ ലയര്‍’ എന്നു വിളിച്ചാണ് സോഷ്യല്‍ മീഡിയ മോദിയെ ട്രോളുന്നത്. ഇന്ത്യയില്‍ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച ആദ്യ വ്യക്തി താനാണെന്ന മോദിയുടെ അവകാശവാദത്തെയാണ് സോഷ്യല്‍ മീഡിയ ട്രോളുന്നത്. 1987-88 കാലഘട്ടത്തോടെ തന്നെ താന്‍ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചിട്ടുണ്ടെന്നാണ് മോദിയുടെ അവകാശവാദം. ന്യൂസ് നാഷണ്‍സിനു നല്‍കിയ അഭിമുഖത്തിലാണ് മോദിയുടെ പരാമര്‍ശം.

എങ്ങനെയാണ് ഒരു ‘ഗാഡ്ജറ്റ് ഫ്രീക്ക്’ ആയതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മോദി. ഗുജറാത്തിന്റെ മുഖ്യമന്ത്രിയാകുന്നതിനു വളരെ മുമ്പേ തന്നെ സാങ്കേതികവിദ്യയോട് തനിക്ക് താത്പര്യമുണ്ടായിരുന്നു. 1990കളില്‍ താന്‍ സ്‌റ്റൈലസ് പേനകള്‍(ടച്ച് സ്‌ക്രീന്‍ ഉപകരണങ്ങളില്‍ എഴുതാന്‍ ഉപയോഗിക്കുന്ന പേന) ഉപയോഗിച്ചിരുന്നെന്നും മോദി അഭിമുഖത്തില്‍ അവകാശപ്പെടുന്നുണ്ട്.

1987-88 കാലത്ത് താന്‍ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച് എല്‍ കെ അദ്വാനിയുടെ ചിത്രം പകര്‍ത്തുകയും അത് ഇമെയില്‍ മുഖാന്തരം ഡല്‍ഹിയിലേക്ക് അയച്ചു നല്‍കിയെന്നുമാണ് മോദി പറയുന്നത്. എന്നാല്‍ 1987 ലാണ് ആദ്യത്തെ ഡിജിറ്റല്‍ ക്യാമറ നിക്കോണ്‍ പുറത്തിറക്കിയതെന്നും അന്ന് അതിന് വന്‍വിലയായിരുന്നുമെന്നുമാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. ദാരിദ്ര്യത്തില്‍ ജീവിച്ചുവെന്ന് അവകാശപ്പെടുന്ന മോദി എങ്ങനെ വിലയേറിയ ഡിജിറ്റല്‍ ക്യാമറ സ്വന്തമാക്കിയെന്നും വിമര്‍ശകര്‍ ആരായുന്നു. കൂടാതെ,വി എസ് എന്‍ എല്‍ ഇന്റര്‍നെറ്റ് സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കി 1995ല്‍ ആണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.

അഭിമുഖത്തില്‍ മോദി പറയുന്നത് ഇങ്ങനെ: ഒരുപക്ഷെ, രാജ്യത്ത്.. മറ്റാരെങ്കിലും ഉണ്ടോയെന്ന് എനിക്കറിഞ്ഞുകൂടാ. ഞാന്‍ ആദ്യമായി ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചു,1 98788 കാലത്ത്. അന്ന് വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമാണ് ഇമെയിലുണ്ടായിരുന്നത്. വിരംഗാം തെഹ്‌സിലില്‍ അദ്വാനിജിയുടെ യോഗമുണ്ടായിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ ചിത്രം ഡിജിറ്റല്‍ ക്യാമറയില്‍ പകര്‍ത്തി. എന്നിട്ട് ഡല്‍ഹിയിലേക്ക് അയച്ചു. പിറ്റേദിവസം കളര്‍ ഫോട്ടോ അടിച്ചുവന്നു. അദ്വാനിജിക്ക് വളരെ ‘സര്‍പ്രൈസ്’ ആയി ഇങ്ങനെ പോകുന്നു മോദിയുടെ വാക്കുകള്‍.