‘ബാലാക്കോട്ട് ആക്രമണം അന്നു തന്നെ വേണമെന്ന് മോദി ശഠിച്ചത് എന്തിന്?’

single-img
13 May 2019

ബാലാക്കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്. മോശമായ കാലാവസ്ഥയില്‍ ആക്രമണം നടത്തണോ എന്ന് സംശയിച്ചിരിക്കുമ്പോള്‍ മഴമേഘങ്ങളുള്ളപ്പോള്‍ പാക് റഡാറുകളുടെ കണ്ണ് വെട്ടിക്കാമല്ലോ എന്ന് നിര്‍ദേശിച്ചത് താനാണെന്ന് മോദി പറഞ്ഞിരുന്നു.

ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. ‘ഗോമൂത്രം കൊണ്ട് കാന്‍സര്‍ ഭേദമാകുമെന്നും കുരുക്ഷേത്രയുദ്ധത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചെന്നും പറയുന്ന വിവരദോഷികള്‍ ഈ രാജ്യത്തെ കുരുതി കൊടുക്കുമെന്നതിന് ഇതില്‍പ്പരം തെളിവ് വേണോ. കാവല്‍ക്കാരന്‍ കള്ളന്‍ മാത്രമല്ല പമ്പരവിഡ്ഢി കൂടിയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു ‘അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

Wah! മോദി ജി Wah!
……………………….

മേഘങ്ങള്‍ക്കിടയില്‍ പതുങ്ങിയിരിക്കുന്ന ഇന്ത്യന്‍ വ്യോമസേന വിമാനം. പാക്കിസ്ഥാന്‍ റഡാറുകള്‍ ഇരുട്ടില്‍ തപ്പി….

ഇത്ര പ്രതിഭാശാലിയായ പ്രധാനമന്ത്രി നമുക്കല്ലാതെ മറ്റാര്‍ക്കുണ്ട് !
മോദി ജി ആവശ്യത്തിന് ഉറങ്ങാറില്ലേ എന്ന് പ്രസിഡന്റ് ഒബാമ ചോദിച്ചതിന്റെ കാരണം ഇപ്പോഴല്ലേ പിടി കിട്ടിയത്.

ഇത്തരം എന്തെങ്കിലുമൊക്കെ അദ്ദേഹത്തോടും വച്ചു കാച്ചിക്കാണണം…..

കളിപ്പാട്ടവുമായി നില്‍ക്കുന്ന കൊച്ചു കുട്ടിയെപ്പോലെ ബലിസ്റ്റിക് മിസൈലുമായി നില്‍ക്കുന്ന മറ്റൊരു നേതാവിന്റെ ചിത്രമേ നമ്മള്‍ അടുത്തിടെ കണ്ടിട്ടുള്ളൂ. ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ആണത്.

അതുപോലെ തന്നെയാണ് മോശം കാലാവസ്ഥയിലും വിമാനം പറപ്പിക്കാന്‍ വ്യോമസേന പൈലറ്റിനെ നിര്‍ബന്ധിതനാക്കുന്ന പ്രധാനമന്ത്രി.

തന്റെ രാഷ്ട്രീയ നേട്ടത്തിന് സൈനികരെ കൊലയ്ക്കു കൊടുക്കാന്‍ മടിയില്ലെന്ന് തുറന്നു സമ്മതിച്ചിരിക്കുന്നു ഈ ഏകാധിപതി.

പ്രധാനപ്പെട്ട ഒരു സൈനിക ഓപ്പറേഷന്‍ പോലും തവള കരഞ്ഞാല്‍ മഴ പെയ്യുമെന്ന് പറയുന്ന അറിവിന്റെ അടിസ്ഥാനത്തിലായെങ്കില്‍ ഈ രാജ്യത്തിന്റെ ഭരണനിര്‍വഹണം എവിടെ നില്‍ക്കുന്നു?

എയര്‍ മാര്‍ഷല്‍ പോലും തിരുവായ്ക്ക് എതിര്‍വാ പറയാന്‍ ഭയക്കുന്നോ ?

മോശം കാലാവസ്ഥ റഡാറിനല്ല ഓപ്പറേഷന്റെ കൃത്യതയ്ക്കാണ് വെല്ലുവിളിയെന്ന് പറയാന്‍ ആര്‍ക്കും ധൈര്യം വന്നില്ലേ ?

ബാലാക്കോട്ട് ആക്രമണം അന്നു തന്നെ വേണമെന്ന് മോദി ശഠിച്ചത് എന്തിന് ?

തിരഞ്ഞെടുപ്പ് നേട്ടത്തിന് സൈന്യത്തെ ഉപയോഗിക്കുക എന്ന കുബുദ്ധിക്ക് സൈനിക നേതൃത്വവും വഴങ്ങിയെങ്കില്‍ നമ്മുടെ രാജ്യസുരക്ഷയാണ് അപകടത്തിലാകുന്നത്.

ഗോമൂത്രം കൊണ്ട് കാന്‍സര്‍ ഭേദമാകുമെന്നും കുരുക്ഷേത്രയുദ്ധത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചെന്നും പറയുന്ന വിവരദോഷികള്‍ ഈ രാജ്യത്തെ കുരുതി കൊടുക്കുമെന്നതിന് ഇതില്‍പ്പരം തെളിവ് വേണോ .

കാവല്‍ക്കാരന്‍ കള്ളന്‍ മാത്രമല്ല പമ്ബരവിഡ്ഢി കൂടിയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു.

ബാലനരേന്ദ്രന്‍ മുതലയെ പിടിച്ച കഥ കേട്ട് പുളകിതരായ ഭക്ത ജനങ്ങളെ, നിങ്ങള്‍ക്ക് രോമാഞ്ചമുണ്ടാക്കാന്‍ ഇതാ ‘ഓപ്പറേഷന്‍ റഡാര്‍ മോദിയും….’

ആഘോഷിച്ചാലും……??