ഇതാ മാന്യമായ മറ്റൊരു ചിത്രം: സദാചാരവാദികളുടെ വായടപ്പിച്ച് മാളവിക

single-img
13 May 2019

ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഗ്ലാമറസ് ആയ ചിത്രത്തിനു താഴെ അശ്ലീലച്ചുവയുള്ള കമന്റുകളും സദാചാര ക്ലാസുകളുമായി എത്തിയവർക്ക് ചുട്ട മറുപടിയുമായി നടി മാളവിക മോഹനൻ. അതുപോലെയുള്ള മറ്റൊരു ചിത്രം ഉടൻ തന്നെ പോസ്റ്റ് ചെയ്താണ് താരത്തിന്റെ മറുപടി.


ഹാഫ് ജീന്‍സിൽ ഗ്ലാമർ വസ്ത്രം ധരിച്ച് കസേരയിൽ ഇരിക്കുന്നൊരു ചിത്രമായിരുന്നു നടി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. എന്നാൽ നടിയെയും വസ്ത്രത്തെയും വിമർശിച്ച് വളരെ മോശം കമന്റുകളാണ് ചിത്രത്തിന് ലഭിച്ചത്. ഇതേ വസ്ത്രം അണിഞ്ഞ മറ്റൊരു ചിത്രം പോസ്റ്റ് ചെയ്തായിരുന്നു നടി വിമർശകർക്ക് മറുപടി നൽകിയത്.

‘മാന്യയായ പെൺകുട്ടി ഇങ്ങനെയാണോ വസ്ത്രം ധരിക്കേണ്ടത് എന്ന കമന്റുകളും അഭിപ്രായങ്ങളും ഒരുപാട് കേട്ടു. ഈ സാഹചര്യത്തിൽ മാന്യമായ വസ്ത്രധാരണത്തോടെയുള്ള മറ്റൊരു ചിത്രം കൂടി ഞാന്‍ ഇവിടെ പങ്കുവയ്ക്കുന്നു. എന്തുവേണമെങ്കിലുമാകട്ടെ എനിക്ക് ഇഷ്ടമുളളത് ഞാൻ ധരിക്കും.’–മാളവിക ചിത്രത്തിന് അടിക്കുറിപ്പായി എഴുതി.


നിരവധി ആളുകളാണ് മാളവികയെ പിന്തുണച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്. നടിയെ പിന്തുണച്ച് ശ്രിന്ദ, പാർവതി തുടങ്ങിയവരും രംഗത്തെത്തി. 

ചലച്ചിത്ര ഛായാഗ്രാഹകനായ കെ. യു. മോഹനന്റെ മകളാണ് മാളവിക. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽനിന്നുള്ള കുടുംബമാണെങ്കിലും മാളവിക വളർന്നത് മുംബൈ നഗരത്തിലാണ്. മുംബൈയിലെ വിൽസൺ കോളേജിൽ നിന്നും മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദമെടുത്തു. കോളേജ് പഠനകാലത്ത് പൂവാലശല്യത്തിനെതിരായി നടന്ന ‘’ചപ്പൽ മാരൂംഗി’’ കാമ്പയിനിൽ അംഗമായിരുന്നു.