ജോലിയില്ല, വിവാഹവും നടക്കുന്നില്ല: ദയാവധം അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ച് യുവാവ്

single-img
13 May 2019

സ്ഥിരജോലിയില്ലാത്തതും വിവാഹം നടക്കാത്തതും കൊണ്ട് മാനസികമായി തകർന്നിരിക്കുകയാണെന്നും ദയാവധം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന് യുവാവിൻ്റെ കത്ത്. പൂനെ സ്വദേശിയായ 35കാരനാണ് ഫട്‌നാവിസിന് കത്തെഴുതിയത്.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ രണ്ടാഴ്ച്ച മുമ്പാണ് യുവാവിന്റെ കത്ത് ലഭിച്ചത്. മാതാപിതാക്കള്‍ക്ക് വേണ്ടി ഒന്നും ചെയ്യാനാവാത്തതില്‍ താന്‍ കടുത്ത നിരാശയിലാണെന്നും യുവാവ് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

സ്ഥിരജോലിയില്ലാത്തത് മൂലം വലിയ ബുദ്ധിമുട്ടിലാണ്. ജോലി ഇല്ലാത്തതിനാല്‍ വിവാഹ ആലോചനകളെല്ലാം ഒഴിവായിപ്പോകുകയാണ്. കടുത്ത മാനസികസംഘര്‍ഷത്തിലാണ് താന്‍. അതുകൊണ്ട് ദയാവധത്തിന് അനുമതി നല്‍കണം എന്നാണ് യുവാവ് കത്തില്‍ ആവശ്യപ്പെടുന്നത്.

യുവാവിന്റെ അമ്മയ്ക്ക് 70 വയസ്സും അച്ഛന് 83 വയസ്സും ഉണ്ട്. അവര്‍ക്ക് വേണ്ടി തനിക്ക് ഒന്നും ചെയ്യാനാവുന്നില്ലെന്ന കുറ്റബോധമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് യുവാവിനെ എത്തിച്ചതെന്ന് പൊലീസ് അറിയിച്ചു. കത്ത് ലഭിച്ചതിനെത്തുടര്‍ന്ന് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും പൊലീസും ഇടപെട്ടിട്ടുണ്ട്.