പ്രളയ സെസ് ജൂൺ മുതൽ; നിത്യോപയോഗ സാധനങ്ങളുടെ വില കൂടും

single-img
13 May 2019

പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിന് പണം കണ്ടെത്താൻ ജി.എസ്.ടി.ക്ക് പുറമെ ഒരു ശതമാനം അധികനികുതി ഏർപ്പെടുത്തുന്ന പ്രളയസെസ് ജൂണിൽ നിലവിൽ വരും. ഇതോടെ നിത്യോപയോഗ സാധനങ്ങളുൾപ്പെടെ നികുതിയുള്ള ഉത്പന്നങ്ങൾക്കെല്ലാം സംസ്ഥാനത്ത് വിലയേറുമെന്നാണ് റിപ്പോർട്ടുകൾ.  ജൂൺ ഒന്നുമുതൽ സെസ് നടപ്പാക്കുന്ന തരത്തിൽ ഉത്തരവ് കൊണ്ടുവരാനാണ് സർക്കാർ ആലോചിക്കുന്നത്.

സംസ്ഥാനത്തിനകത്ത് മാത്രമാണ് സെസ് . അതുകൊണ്ടുതന്നെ കേരളത്തിന് പുറമെ നിന്ന് വാങ്ങുന്നവയ്ക്ക് സെസ് ഉണ്ടാകില്ല. രണ്ടുവർഷം സെസ് ഇൗടാക്കുന്നതിലൂടെ 600 കോടി രൂപയുടെ അധികവരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

ഒരു ശതമാനം പ്രളയസെസ് നടപ്പ് ബഡ്ജറ്റിലാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. പ്രളയത്തിൽ തകർന്ന സംസ്ഥാനത്തെ പുനർനിർമ്മിക്കാൻ 27000 കോടിയോളം രൂപ വേണമെന്നാണ് കണക്ക്. ഇതിന് പണം കണ്ടെത്താൻ വിദേശവായ്പകളും വിദേശത്തും സ്വദേശത്തുമുള്ള മലയാളികളുടെ സംഭാവനകളെയും കേന്ദ്രസഹായത്തെയും സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ഒരുമാസത്തെ മൊത്തശമ്പളവുമൊക്കെയാണ് സർക്കാർ ആശ്രയിക്കുന്നത്.

ജി.എസ്.ടിക്ക് മേൽ രാജ്യവ്യാപകമായി ഒരു ശതമാനം സെസ് ഏർപ്പെടുത്തി 2000 കോടി സമാഹരിക്കാനുള്ള നിർദ്ദേശവും സംസ്ഥാനം കേന്ദ്രത്തിന് സമർപ്പിച്ചു. എന്നാൽ ഇത് ജി.എസ്.ടി കൗൺസിൽ തള്ളുകയായിരുന്നു.