കാന്തപുരത്തിനെതിരെ ആഞ്ഞടിച്ച് സമസ്ത

single-img
13 May 2019

കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കെതിരെ ആഞ്ഞടിച്ച് സമസ്ത കേരള ഇസ്ലാമിക് ക്ലാസ്‌റൂം ചെയര്‍മാന്‍ സയ്യിദ് പൂക്കോയ തങ്ങള്‍. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി’യെന്ന പേരില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ സ്വീകരണം സംഘടിപ്പിക്കുന്നതിനെതിരെയാണ് സയ്യിദ് പൂക്കോയ തങ്ങള്‍ രംഗത്തെത്തിയത്.

‘ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി’യുടെ വിദേശ സന്ദര്‍ശനം എന്ന പേരില്‍ കാന്തപുരം വിഭാഗം നടത്തുന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും, കുപ്രചാരണങ്ങളില്‍ വഞ്ചിതരാകരുതെന്നുമാണ് പൂക്കോയ തങ്ങള്‍ ആവശ്യപ്പെടുന്നത്. വര്‍ഷങ്ങളായി ഇന്ത്യയിലെ ബറേല്‍വി വിഭാഗം തെരഞ്ഞടുക്കുന്ന ‘ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി’ പദവിയെ അവരില്‍ നിന്ന് തട്ടിയെടുക്കാനുളള ശ്രമം പരാജയപ്പെട്ടതിലുളള ജാള്യത മറയ്ക്കാനാണ് സ്വയം പ്രഖ്യാപിത ഗ്രാന്റ് മുഫ്തിയായി കാന്തപുരത്തെ കൊണ്ടു നടക്കുന്നത്.

സ്വീകരണവും ഗള്‍ഫിലെ മാധ്യമങ്ങളില്‍ വാര്‍ത്തയും നല്‍കി സാമ്പത്തിക കൊളളയാണ് ലക്ഷ്യം വെക്കുന്നത്. തിരുകേശത്തിന്റെ പേരില്‍ പളളി നിര്‍മ്മിക്കാന്‍ കോടികള്‍ പിരിച്ച് ഇതുവരെ അത് ചെയ്യാതെ കാന്തപുരം പുതിയ തട്ടിപ്പുമായി ഇറങ്ങി തിരിച്ചിരിക്കുകയാണെന്നും മക്കയില്‍ നിന്നിറക്കിയ കുറിപ്പില്‍ പുക്കോയ തങ്ങള്‍ ആരോപിച്ചു.

ദുബൈയിലെയും കുവൈത്തിലെയും സ്വീകരണത്തിന് ശേഷം തിങ്കളാഴ്ച ബഹ്‌റൈനില്‍ സ്വീകരണം നടക്കാനിരിക്കയാണ് പൂക്കോയ വാര്‍ത്താക്കുറിപ്പിലൂടെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ബഹ്‌റൈനിലെ അറബി പണ്ഡിതരെയും പ്രമുഖരെയും പങ്കെടുപ്പിച്ചാണ് ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ സ്വീകരണം സംഘടിപ്പിക്കുന്നത്.

ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി ശൈഖ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് ഒരുക്കുന്ന വന്‍ സ്വീകരണത്തിലേക്ക് ക്ഷണിക്കുന്നുവെന്നാണ് അതിഥികള്‍ക്കുളള ക്ഷണക്കത്തില്‍ രേഖപ്പെടുത്തിയിട്ടുളളത്. അതേസമയം, ബഹ്‌റൈനില്‍ സംഘടിപ്പിക്കുന്ന സ്വീകരണം വന്‍ സംഭവമാകുമെന്നും 1,500 ലധികം പേര്‍ പങ്കെടുക്കുമെന്നും ഐസിഎഫ് ഭാരവാഹികള്‍ അറിയിച്ചു.

കടപ്പാട്: ഏഷ്യാനെറ്റ്