അധികാര വടംവലിക്കിടെ കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്റെ താല്‍കാലിക ചുമതല പി.ജെ. ജോസഫിന്

single-img
13 May 2019

കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്റെ താല്‍കാലിക ചുമതല പി.ജെ. ജോസഫിന്. പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുന്നതുവരെ അദേഹം ചുമതല വഹിക്കും. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അഡ്വ.ജോയി എബ്രഹാമാണ് തീരുമാനം അറിയിച്ചത്. സ്വീകരിച്ചത് സാധാരണ നടപടി മാത്രമെന്ന് അദേഹം വിശദീകരിച്ചു.

ഇതോടൊപ്പം പാര്‍ട്ടി സ്വന്തം നിലയില്‍ സംഘടിപ്പിക്കുന്ന കെഎം മാണി അനുസ്മരണ ചടങ്ങ് മെയ് 15 ബുധനാഴ്ച വൈകിട്ട് സെക്രട്ടേറിയറ്റിന് അടുത്തുള്ള മന്നം മെമ്മോറിയല്‍ ഹാളില്‍ നടക്കും. മാണിയുടെ 41ാം ചരമദിനം കഴിഞ്ഞാണ് അനുസ്മരണ സമ്മേളനം നടത്തുന്നതെന്നും ജോയ് എബ്രഹാം പ്രവര്‍ത്തകര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

കെഎം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവു വന്ന പാര്‍ട്ടി ചെയര്‍മാന്‍, പാര്‍ട്ടി പാര്‍ലമെന്ററി ലീഡര്‍ സ്ഥാനങ്ങള്‍ സമയബന്ധിതമായി പുതിയ ആളുകളെ നിയോഗിക്കുമെന്നും ഇതിനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും ജോയ് എബ്രഹാം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കെ.എം. മാണിയുടെ മരണത്തിന് പിന്നാലെ കേരള കോണ്‍ഗ്രസിലെ അധികാര സ്ഥാനങ്ങള്‍ പിടിച്ചെടുക്കാന്‍ ജോസഫ്, മാണി വിഭാഗങ്ങള്‍ കരുനീക്കം ശക്തമാക്കിയ സാഹര്യത്തിലാണ് പുതിയ തീരുമാനം. ചെയര്‍മാന്‍, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍, പാലായിലെ സ്ഥാനാര്‍ഥി എന്നീ സ്ഥാനങ്ങള്‍ക്കായി ഇരു വിഭാഗവും മത്സരിച്ചിരുന്നു.

സി.എഫ്. തോമസിനെ മുന്‍നിര്‍ത്തിയാണ് ജോസഫ് വിഭാഗത്തിന്റെ നീക്കങ്ങള്‍ അത്രയും. മാണി വിഭാഗക്കാരനായ സി.എഫ് തോമസിന് പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനവും ജോസഫിന് പാര്‍ലമെന്ററി പാര്‍ട്ടി പദവിയുമാണ് ജോസഫ് ഗ്രൂപ്പിന്റെ നിര്‍ദേശം. ജോസ് കെ. മാണിക്കു ചെയര്‍മാന്‍ സ്ഥാനവും പി.ജെ. ജോസഫിനു പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സ്ഥാനവും നല്‍കുന്ന സമവായമാണു മാണി വിഭാഗത്തിന്റേത്.

ജോസഫ് വിഭാഗത്തിന്റെ നിര്‍ദേശത്തെ മാണി ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കളും പിന്തുണച്ചത് മാണി ക്യാംപിനെ ഞെട്ടിച്ചിരുന്നു. ഇതോടെ ജോസ്.കെ. മാണിയുടെ നേതൃത്വത്തില്‍ മറു നീക്കം ശക്തമാക്കി. തോമസ് ഉണ്ണിയാടന്റെ നേതൃത്വത്തില്‍ മാണി വിഭാഗത്തിലെ ഒരു വിഭാഗം നേതാക്കള്‍ ജോസ്.കെ മാണിയെ ചെയര്‍മാനാക്കുന്നതിന് പിന്തുണ തേടി വ്യാഴാഴ്ച കോട്ടയം റസ്റ്റ് ഹൗസില്‍ യോഗം ചേര്‍ന്നിരുന്നു.