മോദി പറഞ്ഞ നട്ടാൽ കുരുക്കാത്ത നുണകൾ

single-img
13 May 2019

2017-ൽ ഉത്തർപ്രദേശ് നിയമസഭയിലേയ്ക്കുള്ള തെരെഞ്ഞെടുപ്പ് നടക്കുകയാണ്. വർഗീയതയുടെ എല്ലാ സീമകളും ലംഘിച്ചുകൊണ്ടും തീവ്രഹിന്ദുത്വം പ്രചരിപ്പിച്ചും ബിജെപിയുടെ തെരെഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നു. ഫെബ്രുവരി 19-നു ഫത്തേപൂരിൽ നടന്ന തെരെഞ്ഞെടുപ്പ് റാലിയിൽ മോദി പ്രസംഗിക്കുന്നു:

“ഗ്രാമങ്ങളിൽ കബറിസ്ഥാൻ നിർമ്മിക്കുന്നുണ്ടെങ്കിൽ ശ്മശാനങ്ങളും നിർമ്മിക്കണം. റംസാനിൽ വൈദ്യുതി ലഭിക്കുന്നുണ്ടെങ്കിൽ ദീപാവലിയ്ക്കും വൈദ്യുതി ലഭിക്കണം. ഹോളിയ്ക്ക് വൈദ്യുതി ലഭിക്കുന്നുണ്ടെങ്കിൽ ഈദിനും ലഭിക്കണം. പക്ഷപാതം പാടില്ല.”

മുസ്ലീം ആഘോഷങ്ങൾക്ക് വൈദ്യുതി കൃത്യമായി ലഭിക്കുകയും ഹിന്ദു ആഘോഷങ്ങൾക്ക് വൈദ്യുതി മുടങ്ങുകയും ചെയ്യുന്നുവെന്ന വർഗീയത നിറഞ്ഞ നുണ സമർത്ഥമായി അവതരിപ്പിക്കുകയായിരുന്നു മോദി. മുസ്ലീം ജനവിഭാഗത്തിന്റെ പിന്തുണ കൂടുതലുള്ള സമാജ് വാദി പാർട്ടിയെയാണ് ഇതിലൂടെ മോദി ലക്ഷ്യം വെച്ചത്. എന്നാൽ മോദി ഇതു പ്രസംഗിക്കുന്നതിനു തൊട്ടുമുൻപത്തെ വർഷത്തെ ഈദ് ദിവസം (ജൂലൈ 6) ഉത്തർ പ്രദേശിലെ വൈദ്യുതി വിതരണം 13500 മെഗാ വാട്ട് ആയിരുന്നെങ്കിൽ ദീപാവലി ആഘോഷങ്ങൾ നടന്ന ഒക്ടോബർ 28 മുതൽ നവംബർ 1 വരെയുള്ള അഞ്ചു ദിവസം 24 മണിക്കൂറും 15400 മെഗാവാട്ട് വൈദ്യുതിയാണ് വിതരണം ചെയ്തത്. മോദി പറഞ്ഞത് നുണയാണെന്ന് മാത്രമല്ല അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞതിന്റെ വിപരീതമായിരുന്നു കാര്യങ്ങൾ എന്നാണ് കണക്കുകൾ പറയുന്നത്.

മോദിയുടെ നുണകൾ

മോദി ആദ്യമായി പറയുന്ന നുണയായിരുന്നില്ല മുകളിൽ സൂചിപ്പിച്ചത്. ഗുജറാത്ത് കലാപത്തിനു ശേഷം നരേന്ദ്ര മോദി എന്ന തീവ്ര ഹിന്ദുത്വ വാദികളുടെ നായകൻ സൃഷ്ടിക്കപ്പെട്ട കാലം മുതലുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങളിൽ വർഗീയ ദുഷ്ടലാക്കുകൾ ഒളിപ്പിച്ചതും അല്ലാത്തതുമായ നിരവധി നുണകൾ നിറഞ്ഞിരുന്നു.

2014-ലെ ലോക്സഭാ തെരെഞ്ഞെടുപ്പുകാലത്തിനുശേഷമാണ് ഇന്ത്യ വ്യാജവാർത്തകളുടെ ഒരു ഫാക്ടറിയാണെന്ന് വിദേശരാജ്യങ്ങളും സ്ഥാപനങ്ങളും വിലയിരുത്താൻ തുടങ്ങിയത്. വ്യാജവാർത്തകൾ കണ്ടെത്താൻ വേണ്ടി മാത്രം ഫെയ്സ്ബുക്കും വാട്സാപ്പും ഗൂഗിളും അടക്കമുള്ള സ്ഥാ‍പനങ്ങൾ വർക്ക് ഷോപ്പുകളും പഠനങ്ങളും നടത്തിയതും മോദിയുടെ ഭരണകാലത്തുതന്നെ. വാട്സാപ്പ് വഴിയും ഫെയ്സ്ബുക്ക് വഴിയും പിന്നെ ബിജെപി ഐടി സെൽ നേരിട്ടും അല്ലാതെയും ഫണ്ട് ചെയ്യുന്ന നൂറുകണക്കിനു വെബ്സൈറ്റുകൾ വഴിയും പ്രചരിക്കുന്ന നുണകളുടെ പതാകാവാഹകൻ മോദിയാണെന്ന് വേണമെങ്കിൽ പറയാം.

മോദി പറഞ്ഞ ചില കുപ്രസിദ്ധമായ നുണകൾ ഒന്ന് പരിശോധിക്കാം. നുണകളെ നമുക്ക് വിവിധ വിഭാഗങ്ങളായി തിരിക്കാം.

ചരിത്രം

ചരിത്രത്തെ തെറ്റായി അവതരിപ്പിക്കുന്നതും വളച്ചൊടിക്കുന്നതും നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളിൽ പതിവാണ്. ചരിത്രവുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞിട്ടുള്ള ചില നുണകളും അവയുടെ വാസ്തവവും ഒന്ന് പരിശോധിക്കാം.

നുണ: മുപ്പതുവർഷത്തിനുള്ളിൽ ആദ്യമായി ഇന്ത്യയിലെ 600 കോടി വോട്ടർമാർ ഒരു രാഷ്ട്രീയ പാർട്ടിയ്ക്ക് ഒറ്റയ്ക്ക് ഇത്രയും ഭൂരിപക്ഷം നൽകുന്നത്.

വാസ്തവം: ഇന്ത്യയിലെ ജനസംഖ്യ 2014-ൽ ഏകദേശം 130 കോടിയാണ്. 81.45 കോടി പേരായിരുന്നു രജിസ്റ്റർ ചെയ്ത വോട്ടർമാർ. ലോകജനസംഖ്യ പോലും 2014-ൽ 730 കോടിയോളമേ വരുമായിരുന്നുള്ളൂ.

നുണ: സർദാർ വല്ലഭായി പട്ടേലായിരുന്നു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെങ്കിൽ കശ്മീരിന്റെ മുഴുവൻ ഭാഗങ്ങളും ഇന്ത്യയുടെ കൈവശമിരുന്നേനേ.

വാസ്തവം: ജുനഗഢും ഹൈദരാബാദും ഇന്ത്യയുടെ ഭാഗമാക്കുന്നതിനു പകരമായി കശ്മീർ പാകിസ്താനു വിട്ടുകൊടുക്കാൻ പോലും സർദാർ പട്ടേൽ തയ്യാറായിരുന്നു. കശ്മീർ പാകിസ്താനൊപ്പം പോകുകയാണെങ്കിലും ഇന്ത്യയ്ക്ക് പ്രശ്നമില്ലെന്ന് മൌണ്ട് ബാറ്റൺ കശ്മീരിലെ മഹാരാജാ ഹരിസിംഗിനോട് പറഞ്ഞത് പട്ടേലിനെ ഉദ്ധരിച്ചുകൊണ്ടായിരുന്നു.

നുണ: കോൺഗ്രസ് അംബേദ്കറെ അപമാനിച്ചു: അദ്ദേഹത്തിന് ഭാരതരത്നം പോലും നൽകിയില്ല.

വാസ്തവം: ഡോ അംബേദ്കറിനെ ഭരണഘടനയുടെ ഡ്രാഫ്റ്റ് തയ്യാറാക്കാനായി ഏൽപ്പിച്ചതും ഇന്ത്യൻ ഭരണഘടനയുടെ പിതാവാകാൻ അദ്ദേഹത്തിന് അവസരം നൽകിയതും കോൺഗ്രസാണ്. നെഹ്രുവിന്റെ കീഴിലുള്ള ആദ്യത്തെ മന്ത്രിസഭയിൽ നിയമമന്ത്രിയായിരുന്നു അംബേദ്കർ. 1990-ൽ രാജ്യം അദ്ദേഹത്തിനു ഭാരതരത്നം നൽകി ആദരിച്ചു.

നുണ: രക്തസാക്ഷി ഭഗത് സിംഗ് , ബടുകേശ്വർ ദത്ത് തുടങ്ങിയ മഹാന്മാർ രാജ്യത്തിന്റെ സ്വാതന്ത്യത്തിനുവേണ്ടി പോരാടി ജയിലിൽക്കിടക്കുമ്പോൾ ഏതെങ്കിലുംകോൺഗ്രസ് നേതാക്കൾ അവരെ സന്ദർശിച്ചിട്ടുണ്ടോ?

വാസ്തവം: 1930 ഒക്ടോബർ 7-നാണ് ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരെ ലാഹോർ ഗൂഢാലോചനാ കേസിൽ ബ്രിട്ടീഷ് ഭരണകൂടം വധശിക്ഷയ്ക്ക് വിധിക്കുന്നത്. 1931 മാർച്ച് 31-നു ഇവരെ തൂക്കിക്കൊന്നു. 1929 ഓഗസ്റ്റ് 9-നു ജവഹർലാൽ നെഹ്രു, ലാഹോർ സെൻട്രൽ ജയിലും ബോർസ്തൽ ജയിലുമായി കഴിയുന്ന ലാഹോർ ഗൂഢാലോചനാക്കേസിലെ പ്രതികളായ സ്വാതന്ത്ര്യ സമരസേനാനികളെ സന്ദർശിച്ചതായി ഓഗസ്റ്റ് 10-നു പ്രസിദ്ധീകരിച്ച ട്രിബ്യൂൺ പത്രം റിപ്പോർട്ട് ചെയ്തിരുന്നു. ജയിലിൽ നിരാഹാരസമരം അനുഷ്ടിച്ചിരുന്ന ഇവർ ക്ഷീണിതരായിരുന്നുവെന്നും ജതീന്ദ്ര നാഥ ദാസ് അവശനായി കാണപ്പെട്ടിരുന്നെന്നും അവരുടെ അവസ്ഥയിൽ തനിക്ക് അതിയായ ദുഃഖം ഉണ്ടായെന്നും നെഹ്രു പിന്നീട് എഴുതിയിട്ടുണ്ട്. ( Selected Works of Jawaharlal Nehru, 1973 edition, Vol-4, Pg-13)

നുണ: ഇതാദ്യമായാണ് ഗുജറാത്തിൽ നിന്നൊരാൾ ഡൽഹിയിൽ പ്രധാനമന്ത്രിയായി ഇരിക്കുന്നത്.

വാസ്തവം: ഇന്ത്യയുടെ നാലാമത്തെ പ്രധാനമന്ത്രിയായിരുന്ന മൊറാർജി ദേശായി ഗുജറാത്തിൽ നിന്നുള്ളയാളായിരുന്നു. നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്ന ആദ്യത്തെ ഗുജറാത്തിയല്ല.

നുണ: ഇന്ത്യയിലെ ആദ്യത്തെ മെട്രോ ട്രെയിൻ സർവ്വീസ് ആരംഭിക്കുമ്പോൾ വാജ്പേയി അതിലെ ഒരു യാത്രക്കാരൻ ആയിരുന്നു. (അദ്ദേഹമാണ് അതാരംഭിച്ചത് എന്ന അർത്ഥത്തിൽ)

വാസ്തവം: ഇന്ത്യയിലെ ആദ്യത്തെ മെട്രോ ട്രെയിൻ സർവ്വീസ് ആരംഭിക്കുന്നത് കൊൽക്കത്തയിലായിരുന്നു. 1972-ൽ അതിന്റെ ശിലാസ്ഥാപനം നടത്തിയത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയായിരുന്നു. 1984-ൽ അത് സർവ്വീസ് ആരംഭിച്ചപ്പോൾ അത് ഉദ്ഘാടനം ചെയ്തതും ഇന്ദിരാഗാന്ധി തന്നെ.

നുണ: ഇന്ത്യയിലെ ആദ്യത്തെ മെട്രോ ട്രെയിൻ സർവ്വീസ് ആരംഭിക്കുമ്പോൾ വാജ്പേയി അതിലെ ഒരു യാത്രക്കാരൻ ആയിരുന്നു. (അദ്ദേഹമാണ് അതാരംഭിച്ചത് എന്ന അർത്ഥത്തിൽ)

വാസ്തവം: ഇന്ത്യയിലെ ആദ്യത്തെ മെട്രോ ട്രെയിൻ സർവ്വീസ് ആരംഭിക്കുന്നത് കൊൽക്കത്തയിലായിരുന്നു. 1972-ൽ അതിന്റെ ശിലാസ്ഥാപനം നടത്തിയത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയായിരുന്നു. 1984-ൽ അത് സർവ്വീസ് ആരംഭിച്ചപ്പോൾ അത് ഉദ്ഘാടനം ചെയ്തതും ഇന്ദിരാഗാന്ധി തന്നെ.

തുടരും….