അത് ഔട്ടായിരുന്നില്ല; ധോണിയുടെ റണ്ണൗട്ടില്‍ വിവാദം: വീഡിയോ

single-img
13 May 2019

ഐ.പി.എല്‍ 12ാം സീസണിലെ ഫൈനലില്‍ തുല്ല്യ ശക്തികളായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും പോരാടിയപ്പോള്‍ മുംബൈ ഇന്ത്യന്‍സാണ് വിജയം കൈപ്പിടിയിലൊതുക്കിയത്. എന്നാല്‍ മത്സരത്തിന്റെ ചൂട് ഇപ്പോഴും ആരാധകര്‍ക്കിടയില്‍ നിന്നും വിട്ടുമാറിയിട്ടില്ല.

കളിയുടെ ഗതി മാറ്റിയ ചെന്നൈ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ റണ്‍ ഔട്ടാണിപ്പോള്‍ ട്വിറ്ററടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയം. മൂന്നാം വിക്കറ്റില്‍ വാട്‌സണൊപ്പം ചേര്‍ന്ന് പതുക്കെ സ്‌കോറുയര്‍ത്തുകയായിരുന്നു ധോണി.

ഹര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ സിംഗിളെടുത്ത വാട്‌സണോട് ധോണി രണ്ടാമതൊരു റണ്ണിന് വേണ്ടി ഓടാനായി ആവശ്യപ്പെടുകയായിരുന്നു. മലിംഗ നീട്ടിയെറിഞ്ഞ പന്ത് ഹര്‍ദികിന് പിടിക്കാനാവാത്തതോടെയായിരുന്നു ധോണിയുടെ നീക്കം.

എന്നാല്‍ പന്ത് ഇഷാന്‍ ക്രിഷന്റെ കൈയ്യിലെത്തിയതും ഗംഭീര ത്രോയിലൂടെ ധോണിയെ പുറത്താക്കി. തീരുമാനം അംപയര്‍മാര്‍ തേര്‍ഡ് അംപയറിന് വിടുകയായിരുന്നു. ഏറെ നേരത്തെ കണ്‍ഫ്യൂഷന് ശേഷം നൈജല്‍ ലോങ് ഔട്ട് വിധിക്കുകയും മുംബൈക്ക് നിര്‍ണായകമായ വിക്കറ്റ് ലഭിക്കുകയും ചെയ്തു. എന്നാല്‍ ധോണിയുടേത് ഔട്ടല്ലെന്നാണ് ആരാധകരുടെ പക്ഷം.