ഭര്‍തൃവീട്ടില്‍ പീഡനം നേരിട്ട യുവതി പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയത് നഗ്നയായി

single-img
13 May 2019

ഭര്‍ത്താവിന്റെ അമ്മയുടെയും സഹോദരിയുടേയും മര്‍ദ്ദനത്തിനിരയായ യുവതി പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയത് നഗ്നയായി. രാജസ്ഥാനിലെ ചുരൂ ജില്ലയിലെ ബിദസാര്‍ പ്രദേശത്ത് ഞായറാഴ്ചയാണ് സംഭവം നടന്നത്. അഭിപ്രായവ്യത്യാസത്തില്‍ തുടങ്ങിയ വഴക്കാണ് പിന്നീട് കയ്യാങ്കളിയിലേക്കെത്തിയത്.

ഇവര്‍ യുവതിയെ മര്‍ദ്ദിക്കുകയും വസ്ത്രം വലിച്ചൂരുകയും ചെയ്തു. ഇതോടെയാണ് യുവതി പൊലീസില്‍ നഗ്നയായി തന്നെ പരാതി നല്‍കാന്‍ എത്തിയത്. സഹായിക്കുന്നതിനുപകരം, കണ്ടുനിന്നവര്‍ തങ്ങളുടെ മൊബൈല്‍ ഫോണുകളില്‍ സ്ത്രീയുടെ ഫോട്ടോ എടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അടുത്തകാലത്ത് ഭര്‍ത്താവിന്റെ അഭാവത്തില്‍ തുടര്‍ച്ചയായി ബന്ധുക്കള്‍ യുവതിയെ പീഡിപ്പിച്ചിരുന്നു. പീഡനം സഹിക്കവയ്യാതെ സംഭവത്തെ നിയമപരമായി കൈകാര്യം ചെയ്യാന്‍ യുവതി തീരുമാനിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് യുവതി പോലീസ് സ്റ്റേഷനിലേക്ക് നടന്നത്.

യുവതി നിലവില്‍ പൊലീസ് സംരക്ഷണയിലാണെന്നും സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സ്റ്റേഷനിലേക്ക് വരുമ്പോള്‍ കുറച്ചുപേര്‍ യുവതിയുടെ ചിത്രം പകര്‍ത്തിയിട്ടുണ്ട്. ഇതിനെതിരെയും നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു