കേരളത്തില്‍ യു.ഡി.എഫിന് 19 സീറ്റുകളില്‍ വിജയസാധ്യതയെന്ന് വിലയിരുത്തല്‍

single-img
13 May 2019

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 19 സീറ്റുകളില്‍ വിജയസാധ്യതയെന്ന് യു.ഡി.എഫ് വിലയിരുത്തല്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ചേര്‍ന്ന യു.ഡി.എഫ് ഏകോപന സമിതി 20 മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്തി. പാലക്കാട് ഒഴികെ 19 സീറ്റിലും വിജയ സാധ്യതയുണ്ടെന്നാണ് മുന്നണി വിലയിരുത്തിയത്.

2014 നേക്കാള്‍ മികച്ച വിജയം നേടാനാകും. യുഡിഎഫിന് അനുകൂലമായ ലക്ഷക്കണക്കിന് വോട്ടുകള്‍ അവസാന നിമിഷം വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കി. ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് ഇത് ചെയ്തത്. വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടവരെ കണ്ടെത്തി പരാതി നല്‍കാന്‍ യുഡിഎഫ് മുന്‍കൈ എടക്കും.

ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് ഉണ്ടായിട്ടുണ്ടെങ്കിലും കള്ളവോട്ടിനെതിരായ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ നടപടിക്ക് പിന്തുണ നല്‍കാനാണ് മുന്നണി തീരുമാനിച്ചത്. വോട്ടിങ് സമയം 6 മണിവരെ നീട്ടിയത് കള്ളവോട്ടിന് സഹായകരമായതിനാല്‍ 5ന് വോട്ടിങ് തീരുന്ന രീതിയല്‍ സമയക്രമീകരണം നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി കെ പി സി സി നേതൃയോഗവും രാഷ്ട്രീയകാര്യസമിതിയും നാളെ ചേരുന്നുണ്ട്.

അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് 20 സീറ്റും ജയിക്കാനാകുന്ന സാഹചര്യമുണ്ടായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മോദി പിണറായി വിരുദ്ധ വികാരം ഇതിനു സഹായകരമായെന്നും യുഡിഎഫ് യോഗത്തിനുശേഷം മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം കേരളത്തില്‍ തരംഗം ഉണ്ടാക്കിയെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ വിദേശയാത്രക്കെതിരേയും ചെന്നിത്തല വിമര്‍ശനം നടത്തി. വിദേശത്ത് പോയിട്ട് കേരളത്തിനായി എന്ത് സഹായം കിട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.