ജവാന്മാർക്ക് തീവ്രവാദികളെ കൊല്ലാൻ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദം വാങ്ങേണ്ടി വരുമോ? നരേന്ദ്ര മോദി

single-img
12 May 2019

തീവ്രവാദികളെ വെടിവെച്ചുകൊല്ലുന്നതിനു മുന്നേ ജവാന്മാർ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദം വാങ്ങേണ്ടി വരുമോയെന്ന് നരേന്ദ്ര മോദി. ഷോപ്പിയാനിൽ ഇന്ന് രാവിലെ രണ്ടു തീവ്രവാദികളെ സൈന്യം ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ സംഭവം ഉദ്ധരിച്ചുകൊണ്ടായിരുന്നു മോദി ഇപ്രകാരം പറഞ്ഞത്. ഉത്തർ പ്രദേശിലെ ഖുശിനഗറിൽ ഒരു തെരെഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.

“രാജ്യത്ത് തെരെഞ്ഞെടുപ്പ് നടക്കുമ്പോഴും മോദി എന്തിനാണ് തീവ്രവാദികളെ കൊല്ലുന്നതെന്ന് ചിലർ വ്യാകുലപ്പെടുന്നുണ്ട്. ഒരു സായുധ തീവ്രവാദി ആക്രമിക്കുമ്പോൾ എന്റെ ജവാൻ തെരെഞ്ഞെടുപ്പ് അധികാരികളെ പോയിക്കണ്ട് അനുവാദം വാങ്ങിയ ശേഷം അവനെ കൊല്ലണമെന്നാണോ? പ്രതിപക്ഷം എന്തുതരം നാടകമാണ് കളിക്കുന്നത്?”

കശ്മീരിൽ തങ്ങളുടെ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഓരോ ദിവസവും അവിടെ ഒരു ശുചീകരണ പ്രക്രിയ (cleaning operation) നടത്തുന്നുണ്ടായിരുന്നുവെന്നും മോദി പറഞ്ഞു.