തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ്റെ എഴുന്നള്ളിപ്പ് തീരുമാനം ഏകസ്വരത്തിലല്ല; ഒരംഗം വിയോജനക്കുറിപ്പ് രേഖപ്പെടുത്തി

single-img
12 May 2019

തൃശുർ പൂരത്തിന് എഴുന്നള്ളിക്കാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് അനുമതി നൽകിയത് ജില്ലാതല നാട്ടാന നിരീക്ഷണസമിതിയിലെ ഒരംഗത്തിന്റെ വിയോജിപ്പോടെ. മൃഗസംരക്ഷണ ബോർഡ് അംഗം എം.എൻ. ജയചന്ദ്രനാണ് വിയോജനക്കുറിപ്പ് മിനിറ്റ്‌സിൽ എഴുതിവെപ്പിച്ചത്.

11 അംഗ സമിതിയിൽ 10 അംഗങ്ങളാണ് വെള്ളിയാഴ്ച ഉണ്ടായിരുന്നത്. വെള്ളിയാഴ്ച ചേർന്ന യോഗത്തിൽ ഇദ്ദേഹമൊഴിച്ച് എല്ലാവരും ആനയെ എഴുന്നള്ളിക്കുന്നതിനെ അനുകൂലിച്ചു. ആനകളെ എഴുന്നള്ളിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾക്ക് ജില്ലാതല നിരീക്ഷണ സമിതിയാണ് ഉത്തരവാദി എന്ന് സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും വിധിയിലെ പരാമർശമാണ് ജയചന്ദ്രൻ ഉയർത്തിക്കാട്ടിയത്.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുമ്പോൾ എന്തെങ്കിലും അനിഷ്ടസംഭവങ്ങൾ ഉണ്ടായാൽ അതിന്റെ ഉത്തരവാദിത്വം തനിക്കുണ്ടായിരിക്കില്ലെന്നാണ് അദ്ദേഹം വിയോജനക്കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.