`റഡാറില്‍ നിന്നും ഇന്ത്യന്‍ വിമാനങ്ങളെ മറയ്ക്കാന്‍ അപ്പോഴുണ്ടായിരുന്ന മേഘങ്ങള്‍ക്ക് സാധിക്കും´; മോദി നടത്തിയ പരാമര്‍ശത്തില്‍ നാണംകെട്ട് ബിജെപി

single-img
12 May 2019

ബാലകോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെട്ട് ചാനല്‍ചര്‍ച്ചയ്ക്കിടെ മോദി നടത്തിയ പരാമര്‍ശത്തില്‍ നാണംകെട്ട് ബിജെപി ദേശീയ നേതൃത്വം. ഫെബ്രുവരിയില്‍ ഇന്ത്യന്‍ സേന ബാലാകോട്ട് ആക്രമണം നടത്തിയത് തന്റെ പ്രത്യേക തിയറി ഉപയോഗിച്ചാണെന്ന് പറഞ്ഞുകൊണ്ട് മോദി നടത്തിയ പരാര്‍ശങ്ങളാണ് വിമര്‍ശിക്കപ്പെടുന്നത്.

” നിങ്ങള്‍ ഓര്‍ക്കേണ്ട ഒരു കാര്യം അന്ന് കാലാവസ്ഥ ഒട്ടും അനുകൂലമായിരുന്നില്ല. നന്നായി മഴ പെയ്യുന്നുണ്ടായിരുന്നു. മേഘങ്ങളും കൂടുതലായിരുന്നു. വ്യോമാക്രമണം നടത്താമെന്ന് തീരുമാനിച്ച ദിവസം മാറ്റാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഞാന്‍ ഈ മേഖലയിലെ വിദഗ്ധനോ ശാസ്ത്രജ്ഞനോ ഒന്നുമല്ല. എങ്കിലും അപ്പോള്‍ എന്റെ മനസില്‍ തോന്നിയ ഒരു കാര്യം റഡാറില്‍ നിന്നും ഇന്ത്യന്‍ വിമാനങ്ങളെ മറയ്ക്കാന്‍ അപ്പോഴുണ്ടായിരുന്ന മേഘങ്ങള്‍ക്ക് സാധിക്കുമെന്നതാണ്. അത് നമുക്ക് ഗുണം ചെയ്യുമെന്നും തോന്നി. അങ്ങനെയാണ് അത്തരമൊരു കാലാവസ്ഥയില്‍ ആക്രമണത്തിന് തീരുമാനിക്കുന്നത്. ”- ഇങ്ങനെയായിരുന്നു മോദി സംസാരിച്ചത്.

ഇതിന് പിന്നാലെ മോദിയുടെ വിപ്ലവകരമായ തീരുമാനം എന്ന രീതിയില്‍ ബിജെപി ദേശീയ നേതൃത്വത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും ബി.ജെ.പി ഗുജറാത്ത് ട്വിറ്റര്‍ അക്കൗണ്ടിലും പ്രസ്താവന അതേ പടി ട്വീറ്റ് ചെയ്യുകയും ചെയ്തു. എന്നാൽ പ്രസ്തുത മണ്ടത്തരങ്ങൾ ബിജെപിയെ തിരതിച്ചടിക്കുകയായിരുന്നു.

പോസ്റ്റിനെതിരെ വ്യാപകമായി പരിഹാസവും വിമര്‍ശനവും താഴെ വന്നു. റഡാറുകളുടെ പ്രവര്‍ത്തനം എങ്ങനെയെന്നത് സംബന്ധിച്ച് ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് പറഞ്ഞുകൊടുക്കാന്‍ ഇവിടെ ആരും ഉണ്ടായില്ലേ എന്നും അങ്ങനെയാണെങ്കില്‍ അത് വളരെ ഗുരുതരമായ ഒരു ദേശീയ സുരക്ഷാ വീഴ്ചയാണെന്നും ചിലർ കമൻ്റിലൂടെ ചൂണ്ടിക്കാട്ടി.

ആധുനിക റഡാര്‍ റിറ്റക്ഷന്‍ സംവിധാനത്തില്‍ കാലാവസ്ഥാ മാറ്റത്തിന് പ്രസക്തിയില്ലെന്നും മോദിയുടെ ഇത്തരമൊരു നിര്‍ദേശം തികച്ചും തെറ്റായിരുന്നെന്നും ഇന്ത്യന്‍ മുന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഖാലിദ് എഹ്‌സാനും പ്രതികരിച്ചു. മാത്രമല്ല അത്തരമൊരു കാലാവസ്ഥയില്‍ ലക്ഷ്യം നേടിയെടുക്കുക പ്രയാസമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വ്യോമാക്രമണം എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന് ഇപ്പോള്‍ ബോധ്യമായെന്നും വ്യോമാക്രമണ ദിവസം മാറ്റാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടും അതിന് അനുവദിക്കാതെ അവരെ മോദി നിര്‍ബന്ധിക്കുകയായിരുന്നെന്നും കനത്ത മേഘങ്ങള്‍ ഉള്ളതുകൊണ്ട് തന്നെ റഡാറില്‍ നിന്നും വിമാനങ്ങളെ മറച്ചുപിടിക്കുമെന്നുമുള്ള ബുദ്ധിശൂന്യമായ ഒരു യുക്തി ഉപയോഗിച്ച് മോദി ഇന്ത്യന്‍ സേനയെ പരിഹസിക്കുകയായിരുന്നെന്നും ചിലര്‍ വിമര്‍ശിച്ചു.