കാസർകോട് പോസ്റ്റൽ ബാലറ്റ് വിഷയം; പരാതി; ക്രൈംബ്രാഞ്ച് അന്വേഷിക്കും

single-img
12 May 2019

കാസർകോട് പൊലീസ് ഉദ്യോ​ഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് കിട്ടിയില്ലെന്ന പരാതി ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. തെര‍ഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന കാസർകോട് ബേക്കൽ പൊലീസ് സ്റ്റേഷനിലെ 33 ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് കിട്ടിയില്ലെന്നായിരുന്നു പരാതി.  ഡിജിപി ലോക്നാഥ് ബെഹ്റയാണ് ക്രൈംബ്രാഞ്ചിന് അന്വേഷണത്തിന് നിർദേശം നൽകിയത്.

44 പൊലീസുകാർ പോസ്റ്റൽ ബാലറ്റിനായി അപേക്ഷിച്ചെങ്കിലും 11 പേർക്ക് മാത്രമേ ബാലറ്റ് ലഭിച്ചുള്ളൂ. യുഡിഎഫ് അനുഭാവികളായ പൊലീസുകാർക്ക് പോസ്റ്റൽ ബാലറ്റ് നൽകുന്നില്ലെന്നാണ് ആരോപണം.

എസ്ഐ, എഎസ്ഐ, സീനിയർ സിവിൽ പൊലീസ് ഓഫിസർ, വനിത സിവിൽ പൊലീസ് ഓഫിസർ, തുടങ്ങിയവരുടേതായി ആകെ 44 അപേക്ഷകളാണ് ബേക്കല്‍ സ്റ്റേഷനില്‍ നിന്ന് പോസ്റ്റല്‍ ബാലറ്റിനായി അയച്ചത്. ഇതിൽ 11 അപേക്ഷകർക്കു മാത്രമേ ബാലറ്റ് പേപ്പർ ലഭിച്ചുള്ളൂ.

കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ നിയമസഭ മണ്ഡലങ്ങളിലെ വോട്ടർമാരായ പൊലീസ് ഉദ്യോഗസ്ഥർക്കാണു ബാലറ്റ് പേപ്പർ കിട്ടാതിരുന്നത്.  പൊലീസ് ഉദ്യോഗസ്ഥർ ഇതേക്കുറിച്ചു ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ക്ക് ഈമെയിൽ വഴി പരാതി അയച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്.

ബേഡകം, മഞ്ചേശ്വരം സ്റ്റേഷനുകളിലെ 2 എഎസ്ഐമാര്‍ക്കും തപാൽ ബാലറ്റ് കിട്ടിയില്ലെന്നും പരാതിയുണ്ട്.