ജോസ് കെ മാണിയെ ചെയർമാനാക്കണം; പി ജെ ജോസഫിനെ ഒഴിവാക്കി കേരളാകോൺഗ്രസ് പിടിക്കാൻ മാണി വിഭാഗം

single-img
12 May 2019

കേരളാ കോൺഗ്രസ്(എം) ന്റെ ചെയർമാനായി ജോസ് കെ മാണിയെ തെരഞ്ഞെടുക്കണമെന്ന ആവശ്യവുമായി മാണി വിഭാഗം പാർട്ടിയിലെ മുതിർന്ന നേതാവ് സി എഫ് തോമസിനെ കണ്ടു. മാണി വിഭാഗത്തിന്റെ ജില്ലാ പ്രസി‍ഡന്‍റുമാരാണ് ആവശ്യമുന്നയിച്ചത്. പാർട്ടി ചെയർമാൻ സ്ഥാനത്തിന് പുറമെ പാർലമെന്‍ററി പാർട്ടി നേതാവ് സ്ഥാനവും മാണി വിഭാഗത്തിന് വേണമെന്നും വിവിധ ജില്ലകളിലെ കേരളാ കോൺഗ്രസ് പാർട്ടി പ്രസിഡന്‍റുമാർ ആവശ്യമുന്നയിച്ചു.

സംസ്ഥാനത്തെ 14 ജില്ലകളിൽ 10 ലും മാണി വിഭാഗത്തിലുള്ളവരാണ് ജില്ലാ പ്രസിഡന്‍റ് പദവിയിലുള്ളത്. ഇവരിൽ ഒൻപത്പേരാണ് സി എഫ് തോമസിനെ കണ്ട് ആവശ്യമുന്നയിച്ചത്. ജോസ് കെ മാണിയെ ചെയർമാൻ ആക്കുന്നതിനൊപ്പം സി എഫ് തോമസ് പാർലമെന്‍ററി പാർട്ടി നേതാവാകണമെന്നും ഇവർ സംയുക്തമായി ആവശ്യപ്പെട്ടു. കെഎം മാണിയുടെ മരണത്തോടെ പാർട്ടിയുടെ നേതൃസ്ഥാനത്തിലേക്ക് ആരാണെന്നതിനെ ചൊല്ലി കേരളാ കോൺഗ്രസിൽ അധികാര വടംവലി അതിരൂക്ഷമായി തുടരവെയാണ് നിലപാട് വ്യക്തമാക്കി മാണി വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.