ഇന്ത്യയിൽ ‘വിലയാ ഒഫ് ഹിന്ദ്’ എന്ന പേരിൽ സ്വന്തം പ്രവിശ്യ സ്ഥാപിച്ചെന്ന് ഐഎസ് പ്രഖ്യാപനം

single-img
12 May 2019

ആഗോള ഭീകര സംഘടനയായ ഐസിസ് ഇന്ത്യയിൽ ‘വിലയാ ഒഫ് ഹിന്ദ്’ എന്ന പേരിൽ സ്വന്തം പ്രവിശ്യ സ്ഥാപിച്ചതായി പ്രഖ്യാപിച്ചു. ഐസിസ് വാർത്താ ഏജൻസിയായ ‘അമാഖ്’ആണ് ഇന്നലെ ഈ വിവരം പുറത്തു വിട്ടത്. വിലയാ ഒഫ് ഹിന്ദ് എന്നാൽ ഹിന്ദ് പ്രവിശ്യ എന്നാണ് അർത്ഥം. കാശ്‌മീരിൽ ആണ് ഈ പ്രവിശ്യയെന്നും സൂചനയുണ്ട്.

ഇന്ത്യയിൽ പ്രവിശ്യ സ്ഥാപിച്ചതായി ഐസിസ് ആദ്യമായാണ് അവകാശപ്പെടുന്നത്.ഐസിസിന് ഇനിയും നിയന്ത്രണം സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഇന്ത്യയെ പോലൊരു രാജ്യത്ത് പ്രവിശ്യ സ്ഥാപിച്ചെന്ന് അവകാശപ്പെടുന്നത് അസംബന്ധമാണെങ്കിലും അത് പൂർണമായും എഴുതിത്തള്ളാനാവില്ലെന്ന് ഇസ്‌ലാമിക ഭീകരരെ നിരീക്ഷിക്കുന്ന അമേരിക്കൻ സ്ഥാപനമായ സൈറ്റ് ഇന്റൽ ഗ്രൂപ്പ് പറയുന്നത്.

ജമ്മുകാശ്‌മീരിലെ ഷോപ്പിയാൻ ജില്ലയിലെ അംശിപോറയിൽ വെള്ളിയാഴ്‌ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഐസിസ് ബന്ധമുള്ള ഒരു ഭീകരനെ സുരക്ഷാസേന വധിച്ചതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം വന്നത്. ഏറ്റുമുട്ടലിൽ ഇന്ത്യൻ സേനയ്‌ക്ക് ഐസിസ് നാശമുണ്ടാക്കിയെന്നും അമാഖിന്റെ പ്രസ്‌താവനയിൽ അവകാശപ്പെട്ടിരുന്നു.