ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: മുന്‍ മന്ത്രി വിഎസ് ശിവകുമാറിന്റെ പിഎയുടെ മകള്‍ക്കെതിരെ കേസ്

single-img
12 May 2019

തിരുവനന്തപുരം: ആധാര്‍ സേവന കേന്ദ്രങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്. 27 ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങിയെടുത്താണ് തട്ടിപ്പ് നടത്തിയത്. മുന്‍ മന്ത്രി വിഎസ് ശിവകുമാറിന്റെ പേഴ്‌സണൽ സെക്രട്ടറി വാസുദേവന്‍ നായരുടെ മകളും ശാസ്തമംഗലം സ്വദേശിയുമായ ഇന്ദുജയാണ് തട്ടിപ്പിന് പിന്നിലെന്ന് പൊലീസ് പറയുന്നു.

തിരുവനന്തപുരം ജില്ലയിലെ ആധാർ കേന്ദ്രങ്ങളിൽ ജോലി വാഗ്ദാനം ചെയ്താണ് ഇന്ദുജ തട്ടിപ്പുനടത്തിയത്. ജോലി ലഭിക്കാനായി ഉദ്യോഗാർത്ഥികളിൽ നിന്ന് രണ്ടുലക്ഷം രൂപ മുതൽ അഞ്ച് ലക്ഷം രൂപവരെ വാങ്ങിയെന്നാണ് പരാതി. തട്ടിപ്പിന് ഇരയായവർ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.


അതിനിടെ കേസിലെ പ്രതിയായ ഇന്ദുജ നായർ ഒളിവിൽ പോയി. പരാതി ലഭിച്ചെന്നറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ പ്രതി ഒളിവിൽ പോയതാണെന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്. അതേസമയം ഇന്ദുജയെ കാണാനില്ലെന്ന പരാതിയും പൊലീസിന് ലഭിച്ചിട്ടുണ്ട്.