ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച നേതാക്കൾക്ക് ഹിന്ദു ഐക്യവേദി സമ്മേളനത്തിൽ രൂക്ഷ വിമർശനം

single-img
12 May 2019

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചവര്‍ക്ക് ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിൽ രൂക്ഷ വിമര്‍ശനം. സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്ന ഹിന്ദു ഐക്യ വേദി ജനറൽ സെക്രട്ടറി ആര്‍ വി ബാബുവിന്‍റെ നിലപാട് സൂഹമാഹ്യമങ്ങളിലും മറ്റും വലിയ ചര്‍ച്ചയായ സാഹചര്യത്തിൽ കൂടിയാണ് വിമര്‍ശനം.

ആചാരങ്ങൾ മാറ്റുന്നതായിരുന്നില്ല മറിച്ച് അത് ആചാര്യന്മാരുമായി ചർച്ച ചെയ്യാതെ നടപ്പാക്കിയ സർക്കാർ നയമായിരുന്നു തങ്ങളുടെ പ്രശ്നമെന്ന ആര്‍ വി ബാബുവിന്റെ നിലപാടാണ് വിവാദമായത്. ചിലരുടെ പ്രസ്താവനകൾ സംഘടനയെ പ്രതിസന്ധിയിലാക്കുന്നു എന്നായിരുന്നു വിമര്‍ശനം.

രണ്ട് ദിവസമായി ആറൻമുളയിൽ ഹിന്ദു ഐക്യവേദിയുടെ പതിനാറാമത് സംസ്ഥാന സമ്മേളനം നടക്കുകയാണ്. ആര്‍എസ്എസിലെ ഒരു വലിയ വിഭാഗം നേതാക്കളും  റെഡി ടു വെയ്റ്റ് ക്യാമ്പയിനിന്റെ ഭാഗമായിരുന്ന ആചാര സംരക്ഷകരും തമ്മിൽ ശബരിമലയെച്ചൊല്ലി ഫെയ്സ്ബുക്ക് വഴിയും മറ്റും വാക്പോര് നടന്നിരുന്നു. ആർഎസ്എസിന്റെ താതികാചാര്യനായ ആർ ഹരി ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെ അനുകൂലിച്ചുകൊണ്ടെഴുതിയ പുസ്തകത്തിനെതിരെ റെഡി ടു വെയിറ്റ് കാമ്പയിനിന്റെ വക്താക്കൾ രംഗത്തു വരികയായിരുന്നു.

ശബരിമല സ്ത്രീ പ്രവേശത്തെ എതിര്‍ക്കണമെന്നതാണ് യോഗമെടുത്ത തീരുമാനം. അതിൽ നിന്ന് പിന്നോട്ട് പോകരുതെന്ന ശക്തമായ നിലപാടാണ് സംഘടനയിൽ ഉണ്ടായത്. സംഘടനയോട് അടുത്ത് നിൽക്കുന്നവരും സംഘടനാ ഭാരവാഹികളും പ്രസ്താവനയിലും പ്രതികരണങ്ങളിലും ജാഗ്രത വേണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.