എട്ടു ദിവസമായിട്ടും വെള്ളവും വെളിച്ചവും തിരിച്ചു വന്നില്ല; ഒഡീഷയിൽ ഫോനി ബാധിതർ പ്രക്ഷോഭവുമായി തെരുവിൽ

single-img
12 May 2019

ഒഡിഷയിൽ ഫോനി ചുഴലിക്കാറ്റിൽ നാശനഷ്ടമുണ്ടായ മേഖലകളിൽ എട്ടുദിവസമായിട്ടും വെള്ളവും വൈദ്യുതിയും എത്തിയില്ല. ഇതിനെ തുടർന്ന് പ്രതിഷേധവുമായി ജനങ്ങൾ തെരുവിൽ. ഭുവനേശ്വറിലെ ഗരാജ് ഛക്കിൽ സെൻട്രൽ ഇലക്‌ട്രിസിറ്റി സപ്ലൈ യൂട്ടിലിറ്റി ഓഫീസിനുനേരേ ആക്രമണമുണ്ടായി.

സംസ്ഥാനത്ത് പലയിടത്തും വൈദ്യുതിവകുപ്പിന്റെ ഓഫീസുകൾക്കുനേരേ ശനിയാഴ്ച ആക്രമണമുണ്ടായി. തലസ്ഥാനനഗരമായ ഭുവനേശ്വറിൽ മാത്രം ഒന്നരലക്ഷത്തിലധികം വൈദ്യുതത്തൂണുകൾ കടപുഴകി. നാലരലക്ഷത്തിലധികം വൈദ്യുതി ഉപഭോക്താക്കളിൽ പകുതിപേർക്കു മാത്രമാണ് ഇതുവരെ വൈദ്യുതി ലഭിച്ചത്.

മേയ് മൂന്നിനാണ് ഫോനി ചുഴലിക്കാറ്റ് ഒഡിഷയിലെ തീരദേശങ്ങളിൽ നാശംവിതച്ചത്. പ്രവർത്തനങ്ങൾക്ക് വേഗംകൂട്ടാൻ മറ്റ് ജില്ലകളിൽനിന്നുള്ള ജീവനക്കാരെക്കൂടി വിന്യസിച്ചുവരികയാണെന്ന് ചീഫ് സെക്രട്ടറി എ.പി. പാഥി, കേന്ദ്ര കാബിനറ്റ് സെക്രട്ടറി പി.കെ. സിൻഹയെ അറിയിച്ചു. ഞായറാഴ്ചയോടെ ഭുവനേശ്വറിൽ വൈദ്യുതി പൂർണമായും പുനഃസ്ഥാപിക്കാനാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഫോനി ബാധിത മേഖലകളായ പുരി, ഖുർദ, കട്ടക്ക്, ജഗത് സിങ്പുർ, കേന്ദ്രപര എന്നിവിടങ്ങളിലെ സർക്കാർ ഓഫീസുകൾ ശനി, ഞായർ ദിവസങ്ങളിലും തുറന്നുപ്രവർത്തിക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.