കോണ്‍ഗ്രസിന് 40ല്‍ കൂടുതല്‍ സീറ്റുകള്‍ ലഭിച്ചാല്‍ മോദി സ്വയം കെട്ടിത്തൂങ്ങാന്‍ തയ്യാറാവുമോ? ; ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

single-img
12 May 2019

ഇപ്പോൾ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 40 സീറ്റുകള്‍ പോലും ലഭിക്കില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രധാനമന്ത്രി പറയുന്നതിൽ കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിച്ചാല്‍ മോദി സ്വയം കെട്ടിത്തൂങ്ങാന്‍ തയ്യാറാവുമോയെന്ന് ഖാര്‍ഗെ ചോദിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്തു.

‘കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പിൽ 40 സീറ്റുകളിൽ കൂടുതൽ ലഭിക്കില്ലെന്ന് എവിടെ പോയാലും മോദി പറയുന്നു. നിങ്ങളത് വിശ്വസിക്കുന്നുണ്ടോ. മറിച്ചു, കോണ്‍ഗ്രസിന് 40ൽ കൂടുതൽ സീറ്റുകള്‍ ലഭിച്ചാല്‍ മോദി ദല്‍ഹിയിലെ വിജയ് ചൗക്കില്‍ സ്വയം കെട്ടിത്തൂങ്ങാന്‍ തയ്യാറാവുമോ’- ഖാര്‍ഗെ ചോദിക്കുന്നു. ഇന്ന് കര്‍ബുര്‍ഗിയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരുന്നു ഖാര്‍ഗെയുടെ പ്രസ്താവന.

ജനങ്ങളോട് കോണ്‍ഗ്രസിനെ പിന്തുണച്ച് വോട്ടുകള്‍ പാഴാക്കരുതെന്ന് മോദി പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ‘തെരഞ്ഞെടുപ്പിൽ അധികാരത്തില്‍ വരുന്ന പാര്‍ട്ടിക്ക് വോട്ടു നല്‍കി നിങ്ങള്‍ക്കതിനെ ശക്തിപ്പെടുത്താം. ഇക്കുറി ബിജെപിക്ക് 2014ലേതിനാക്കള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ച വെക്കാന്‍ കഴിയുമോ എന്നത് മാത്രമാണ് ചോദ്യം’- എന്നായിരുന്നു മോദി പറഞ്ഞത്.