രാഹുൽ ഗാന്ധി എന്തുകൊണ്ട് ഒരു മുസ്ലീമിനെ കോൺഗ്രസ് അദ്ധ്യക്ഷനാക്കിയില്ല? നരേന്ദ്ര മോദി

single-img
12 May 2019

രാഹുൽ ഗാന്ധി എന്തുകൊണ്ട് ഒരു മുസ്ലീമിനെ കോൺഗ്രസ് അദ്ധ്യക്ഷനാക്കിയില്ലെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ എക്സ്പ്രസ് പത്രത്തിനനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മോദി ഈ ചോദ്യം ഉന്നയിച്ചത്.

മുസ്ലീങ്ങൾക്ക് നരേന്ദ്ര മോദിയുടെ ഭരണത്തിൻ കീഴിൽ ഒരു അന്യതാ ബോധം അനുഭവപ്പെടുന്നതായി തങ്ങളുടെ റിപ്പോർട്ടർമാർ കണ്ടെത്തിയെന്നും അതിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്നുമുള്ള ചോദ്യത്തിനു മറുപടി പറയുന്നതിനിടെയാണ് മോദി ഈ ചോദ്യം ഉന്നയിച്ചത്.

“രാഹുൽ ഗാന്ധിയാണ് കോൺഗ്രസ് അധ്യക്ഷൻ. എന്തുകൊണ്ട് ഒരു മുസ്ലീമിന് അതായിക്കൂടാ? എന്തുകൊണ്ട് അദ്ദേഹം അതുറപ്പുവരുത്തുന്നില്ല? ലയൺസ് ക്ലബ്ബ് പോലെയുള്ള സ്ഥാപനങ്ങളുടെ ചെയർമാൻ സ്ഥാനത്തേയ്ക്ക് ദളിത്/ആദിവാസി/മുസ്ലീം വിഭാഗത്തിൽപ്പെട്ടവരെ നിയമിക്കണം എന്ന അഭിപ്രായമുള്ള ആളാണ് ഞാൻ. എന്തുകൊണ്ട് എല്ലാം രാഷ്ട്രീയത്തിൽ മാത്രമാക്കണം? എന്തുകൊണ്ട് മുസ്ലീങ്ങളെ പത്രസ്ഥാപനങ്ങളുടെ മേധാവിമാരാ‍ക്കുന്നില്ല? എന്താണ് നിങ്ങൾ അങ്ങനെ ചെയ്യുന്നത്? അതിനു ഞങ്ങളാണോ ഉത്തരവാദി? ഞങ്ങൾ ഇപ്പോൾ വന്നതേയുള്ളൂ.”

മോദി പറഞ്ഞു.

മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥയ്ക്കും അരക്ഷിതാവസ്ഥയ്ക്കും കാരണക്കാർ വോട്ടുബാങ്ക് രാഷ്ട്രീയം കളിച്ചവരാണെന്നും മോദി പറഞ്ഞു. അവരെ ഒരു വോട്ടുബാങ്കായി ഉപയോഗിച്ചവർ അവരെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാൻ വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നും മോദി ആരോപിച്ചു.

“അബ്ദുൽ കലാമിനെ എന്തുകൊണ്ട് അവർക്ക് (മുസ്ലീങ്ങൾക്ക്) അവരുടെ ആളായി പരിഗണിച്ചുകൂടാ? എന്തുകൊണ്ട് അവർക്ക് അബ്ദുൾ ഹമീദിനെ (1965-ലെ യുദ്ധത്തിൽ രക്തസാക്ഷിയായ സൈനികൻ) അവരുടെ ആളായി പരിഗണിച്ചുകൂടാ? ഈ ചോദ്യങ്ങൾ അവരോട് ചോദിക്കണം. അവരെ ബോധവൽക്കരിക്കുക എന്നത് നമ്മുടെ ജോലിയല്ലേ? സ്വയം മതേതരർ എന്ന് വിളിക്കുന്ന ഈ എംഎൽഎമാരോ എംപിമാരോ ഏതെങ്കിലും മുസ്ലീമിന് നേതൃസ്ഥാനങ്ങൾ നൽകിയിട്ടുണ്ടോ?” മോദി ചോദിച്ചു.

ഇന്ത്യൻ എക്സ്പ്രസ് ചീഫ് എഡിറ്റർ രാജ് കമൽ ഝായും നാഷണൽ ബ്യൂറോ ചീഫ് രവീഷ് തിവാരിയും ചേർന്നാണ് മോദിയുമായുള്ള അഭിമുഖം നടത്തിയത്.