യുപിയിലെ അസംഗഢിൽ വോട്ടിംഗ് മെഷീനിൽ അട്ടിമറി നടന്നു; ഉദ്യോഗസ്ഥര്‍ ബിജെപിയെ സഹായിക്കുന്നു: അഖിലേഷ് യാദവ്

single-img
12 May 2019

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ അട്ടിമറി ആരോപിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവും യുപിയുടെ മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. യുപിയിലെ അസംഗഢില്‍ വോട്ടിംഗ് മെഷീനിൽ അട്ടിമറി നടന്നെന്നാണ് അഖിലേഷ് ആരോപിച്ചത്. ഇതുമായി ബന്ധപ്പെട്ട് ആറോളം പരാതികള്‍ ഇവിടെ ലഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ ബിജെപിയെ സഹായിക്കുകയാണെന്നും അഖിലേഷ് ആരോപിച്ചു.

ഇവിടെ പല പോളിങ് ബൂത്തുകളിലും വോട്ടിംഗ് വൈകുന്നുണ്ട്. പല സ്ഥലങ്ങളിലും വോട്ടിംഗ് യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ബിജെപിയെ സഹായിക്കുകയാണെന്നും അഖിലേഷ് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി സമാജ് വാദി പാര്‍ട്ടി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിട്ടുണ്ട്.

ബീഹാര്‍, ഹരിയാന, മധ്യപ്രദേശ്, യുപി, പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ് ദല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. യുപിയിൽ ഇതുവരെ പോളിങ് 21 ശതമാനം മാത്രമാണ് രേഖപ്പെടുത്തിയത്. ബീഹാറില്‍ 20 ശതമാനവും ഹരിയാനയില്‍ 22 ശതമാനവും മധ്യപ്രദേശില്‍ 27 ശതമാനവും പശ്ചിമബംഗാളില്‍ 37ശതമാനവും ജാര്‍ഖണ്ഡില്‍ 31 ശതമാനവുമാണ് ഇതുവരെയുള്ള വോട്ടിങ്. ഡൽഹിയിലാകട്ടെ 18 ശതമാനം പേര്‍ മാത്രമാണ് ഇതുവരെ വോട്ട് രേഖപ്പെടുത്തിയത്.