കേരളത്തിലെ നാട്ടാനകളെ പാര്‍പ്പിക്കാന്‍ രണ്ടുമാസത്തിനുള്ളില്‍ കണ്ടെത്തേണ്ടത് 828 ഏക്കര്‍ ഭൂമി

single-img
12 May 2019

നാട്ടാനകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ സുപ്രീംകോടതി അംഗീകരിച്ച കേന്ദ്ര വനം മന്ത്രാലയത്തിന്റെ 12 ഇന നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുമ്പോള്‍ കേരളത്തില്‍ 828 ഏക്കര്‍ ഭൂമി കണ്ടെത്തേണ്ടതായി വരും. ആനകള്‍ക്ക് ആരോഗ്യകരമായി വിഹരിക്കേണമെങ്കില്‍, ആനയൊന്നിന് രണ്ടര ഏക്കര്‍ ഭൂമി വേണമെന്നാണ് നിര്‍ദ്ദേശങ്ങളില്‍ ഒന്ന്. വൃത്തിയുള്ളിടത്ത് നില്‍ക്കണമെങ്കില്‍ അത്രയെങ്കിലും സ്ഥലം ഒരാനയ്ക്ക് വേണ്ടിവരും.

കേരളത്തില്‍ കണക്കാക്കിയിരിക്കുന്ന 371 നാട്ടാനകളെ പാര്‍പ്പിക്കാന്‍ 927.5 ഏക്കര്‍ സ്ഥലം ആവശ്യമായിവരും. നിലവില്‍ നൂറ് ഏക്കറില്‍ താഴെയാണ് ദേവസ്വങ്ങളുടേയും, സ്വകാര്യ ഉടമകളുടേയും കൈകളില്‍ ഉള്ളത്. ഇത് സംബന്ധിച്ച് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുള്ള എല്ലാ വ്യവസ്ഥകളും പാലിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കിയുള്ള റിപ്പോര്‍ട്ട് ജനുവരി രണ്ടാം വാരത്തോടെ സമര്‍പ്പിക്കേണ്ടതായുണ്ട്.

ഇതിനായി ഡിസംബര്‍31ന് മുന്‍പായി വിവരങ്ങള്‍ നല്‍കണമെന്ന് കേന്ദ്ര- വനം- പരിസ്ഥിതി മന്ത്രാലയം ചീഫ് സെക്രട്ടറി സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെ അറിയിച്ചിട്ടുണ്ട്.

ദേവസ്വം ബോര്‍ഡിനേക്കാള്‍ വിധി കുരുക്കാകുന്നത് സ്വകാര്യ ആനയുടമകള്‍ക്കാണ്. പാലക്കാട്, കൊല്ലം ജില്ലകളില്‍ 13 വീതം ആനകള്‍ക്ക് ആനുപാതികമായ സ്ഥലം കണ്ടെത്തണം. എണ്ണത്തിന്റെ കാര്യത്തില്‍ തൊട്ടു പിന്നില്‍തന്നെ എറണാകുളവും, കോട്ടയവും നില്‍ക്കുന്നു. കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലെ ആനയുടമകള്‍ ഇത്തരത്തില്‍ സ്ഥലം കണ്ടെത്തണം.

ഉടമസ്ഥാവകാശത്തില്‍ ബിനാമികളുണ്ടെന്ന പരാതികള്‍ക്കും ഇതോടെ തടയിടാനാകും. മറ്റ് സംസ്ഥാനങ്ങളില്‍ 50ല്‍ താഴെയാണ് നാട്ടാനകളുടെ എണ്ണം.