തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് മദമില്ലെന്ന് പരത്തുന്നത് സത്യവിരുദ്ധം; ആനയുടെ അന്ധത ഒരൊറ്റ രാത്രികൊണ്ട് ഇല്ലാതാക്കിയ മൃഗരോഗ വിദഗ്ധന്‍ ആരാണെന്ന് അന്വേഷിക്കണമെന്നും കലക്ടറോട് വെങ്കിടാചലം

single-img
11 May 2019

മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ച് കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരവിളംബരത്തിന് എഴുന്നള്ളിക്കാന്‍ തൃശൂര്‍ കലക്ടര്‍ അനുമതി നല്‍കിയതിനെതിരെ ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോഴ്‌സ് സെക്രട്ടറി വി.കെ വെങ്കിടാചലം രംഗത്ത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ രക്തം പരിശോധനക്കെടുത്തയുടനെ ആനയ്ക്ക് മദമില്ലെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ പരത്തുന്നത് സത്യവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

‘തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ രക്തം പരിശോധനക്കെടുത്തയുടനെ ആനയ്ക്ക് മദമില്ലെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ പരത്തുന്നത് സത്യവിരുദ്ധമാണ്. അതിന്റെ രക്തം മണ്ണുത്തി വെറ്റിനറി കോളേജില്‍ പരിശോധനക്ക് എത്തിച്ചിട്ടേയുള്ളു. പരിശോധന കഴിഞ്ഞാലേ അതിന്റെ മദം സംബന്ധിച്ച വ്യക്തമായ വിവരം ലഭിക്കൂ.’ എന്നാണ് വെങ്കിടാചലം ഫേസ്ബുക്കിലൂടെ വിശദീകരിക്കുന്നത്.

തൃശൂര്‍ ജില്ലാ കലക്ടര്‍ക്കും വെങ്കിടാചലം ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ശരിയായ ഫോര്‍മാറ്റിലാണോ നല്‍കിയിട്ടുള്ളതെന്ന് ഉറപ്പുവരുത്തണമെന്നാണ് യഥാര്‍ത്ഥ ഫോര്‍മാറ്റ് പങ്കുവെച്ചുകൊണ്ട് അദ്ദേഹം ആവശ്യപ്പെടുന്നത്.

ഈ ഫോര്‍മാറ്റില്‍ അല്ല അത് തന്നിരിക്കുന്നതെങ്കില്‍ അത് നിയമ വിരുദ്ധമാണ്. ആനയുടെ അന്ധത ഒരൊറ്റ രാത്രികൊണ്ട് ഇല്ലാതാക്കിയ മൃഗരോഗ ചികിത്സാ വിദഗ്ധന്‍ ആരാണെന്നും അതിന്റെ മസ്തകത്തിലെ മുറിവ് സംബന്ധിച്ച വിവരം മറച്ചു വെച്ചിട്ടുള്ളത് എന്തുകൊണ്ടാണെന്ന് താങ്കള്‍ അന്വേഷിക്കേണ്ടതാണെന്നും വെങ്കിടാചലം ആവശ്യപ്പെടുന്നു.

രാമചന്ദ്രന് മദപ്പാടിന്റെ ലക്ഷണമില്ലെന്ന് ഫിറ്റ്‌നസ് പരിശോധനയ്ക്കുശേഷം ഡോക്ടര്‍മാര്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആനയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ശരീരത്തില്‍ മുറിവുകളൊന്നുമില്ലെന്നും പരിശോധനയില്‍ വ്യക്തമായതായി. കാഴ്ച്ചപൂര്‍ണ്ണമായി നഷ്ടപ്പെട്ടെന്ന് പറയാന്‍ കഴിയില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

അതിനിടെ, തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരവിളംബരത്തിന് എഴുന്നള്ളിക്കും. മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ച് തൃശൂര്‍ കലക്ടറുടേതാണ് തീരുമാനം. ആനയുടെ സമീപത്തുനില്‍ക്കാന്‍ പൊതുജനങ്ങളെ അനുവദിക്കില്ല. 9.30 മുതല്‍ 10.30 വരെ എഴുന്നള്ളിക്കാം, 4 പാപ്പാന്‍മാര്‍ അകമ്പടി വേണം. 10 മീറ്റര്‍ ചുറ്റളവില്‍ ബാരിക്കേഡ് വേണമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

പൂരത്തലേന്ന് വടക്കുംനാഥന്റെ തെക്കേഗോപുര വാതില്‍ തുറക്കുന്ന ചടങ്ങിന് ആനയെ കൊണ്ടുവരാന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കി. ഇതോടെ, പൂരവുമായി ബന്ധപ്പെട്ട എല്ലാപ്രതിസന്ധികളും നീങ്ങി. വെറ്ററിനറി ഡോക്ടര്‍മാരുടെ മൂന്നംഗ സംഘം ഒരു മണിക്കൂറോളം തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനെ പരിശോധിച്ചു.

ആനയെ നടത്തി നോക്കിയും പരിശോധിച്ചു. പരിശോധനയില്‍ പൂര്‍ണ തൃപ്തി രേഖപ്പെടുത്തി വെറ്ററിനറി ഡോക്ടര്‍മാര്‍ ജില്ലാ കലക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കി. ഒന്നര മണിക്കൂര്‍ നേരം ആനയെ എഴുന്നള്ളിക്കാനാണ് ഇളവുണ്ടാകുക. കുറ്റൂര്‍ നെയ്തലക്കാവ് ഭഗവതി ക്ഷേത്രത്തില്‍ നിന്ന് കൊമ്പന്‍ ദേവീദാസന്‍ തിടമ്പേറ്റി മണികണ്ഠനാല്‍ വരെ വരും. പിന്നെ, കോലം തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന് കൈമാറും. തെച്ചിക്കോട്ടുക്കാവ് ദേവസ്വത്തിനും കുറ്റൂര്‍ നെയ്തലക്കാവ് ക്ഷേത്രം ഭാരവാഹികളും ഇത് അംഗീകരിച്ചു.