ലിബിയയില്‍ നിന്നും യൂറോപ്പിലേക്ക് പോകുകയായിരുന്ന കുടിയേറ്റ ബോട്ട് മുങ്ങി; 70 മരണം

single-img
11 May 2019

ലിബിയയില്‍ നിന്നും യൂറോപ്പിലേക്ക് പോകുകയായിരുന്ന  ബോട്ട് ടുണീഷ്യയുടെ കിഴക്കന്‍ തീരത്ത് മുങ്ങി 70 കുടിയേറ്റക്കാര്‍ കൊല്ലപ്പെട്ടു. 16 പേരെ രക്ഷപെടുത്തി. കുടിയേറ്റ കര്‍ഷകര്‍ സഞ്ചരിച്ച ബോട്ടാണ് അപകടത്തില്‍പെട്ടതെന്ന് ടൂണിസ് ആഫ്രിഖ് പ്രസ്സി ഏജന്‍സി റിപ്പോർട്ടിൽ പറയുന്നു.

മരണനിരക്ക് ഇനിയും വര്‍ദ്ധിക്കാന്‍ ഇടയുണ്ടെന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്ന ടുണീഷ്യന്‍ നാവികസേന പറഞ്ഞു. ടുണീഷ്യയുടെ തലസ്ഥാന നഗരമായ ടുണിസില്‍ നിന്ന് 40 മൈല്‍ അകലെയാണ് അപകടമുണ്ടായത്. മെഡിറ്ററേനിയന്‍ കടല്‍ കടന്ന് അനധികൃതമായി യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം.

അതേസമയം ഇതുവരെ മൂന്ന് മൃതദേഹം മാത്രമേ നാവികസേന കണ്ടെടുത്തിട്ടുള്ളുവെന്ന് ടുണിസ് പ്രതിരോധമന്ത്രാലയം അറിയിച്ചു. ഇതോടെ മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി മരിച്ച കുടിയേറ്റക്കാരുടെ എണ്ണം 443ല്‍ എത്തും.