തണ്ടർബോൾട്ടും കേന്ദ്ര ഏജൻസികളും ബോംബ് സ്ക്വാഡും; ഇതുവരെ ദർശിച്ചിട്ടില്ലാത്ത സുരക്ഷാ മുന്നൊരുക്കങ്ങളുമായി തൃശൂർ പൂരം

single-img
11 May 2019

ഇതുവരെ ദർശിച്ചിട്ടില്ലാത്ത മന്നൊരുക്കങ്ങളുമായി തൃശ്ശൂർ പൂരം. സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി പല കേന്ദ്ര ഏജൻസികളുംതൃശ്ശൂരിലെത്തും. ബോംബുകൾ കണ്ടെത്തുന്നതിനും നിർവീര്യമാക്കുന്നതിനുമുള്ള അത്യാധുനിക സംവിധാനങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. 160 ബോംബുവിദഗ്ധർ സ്ഥലത്തെത്തും. ഇതുവരെയുണ്ടായിട്ടുള്ളതിൽവച്ച് ഏറ്റവും ശക്തമായ സുരക്ഷാക്രമീകരണമാണ് ഇത്തവണ പൂരത്തിന് ഒരുക്കിയിരിക്കുന്നത്.

അയൽസംസ്ഥാനങ്ങളിലെയും അയൽരാജ്യങ്ങളിലെയും സംഭവവികാസങ്ങൾ മുൻനിർത്തിയാണ് സുരക്ഷ ശക്തമാക്കിയതെന്നു തൃശ്ശൂർ റേഞ്ച് ഐ.ജി. ബൽറാംകുമാർ ഉപാധ്യായ, സിറ്റി പോലീസ് കമ്മിഷണർ യതീഷ്ചന്ദ്ര എന്നിവർ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. എന്നാൽ നിലവിൽ ഭീഷണികളില്ലെന്നും അവർ പറഞ്ഞു. ശനിയാഴ്‌ച മുതൽ ചൊവ്വാഴ്‌ച വരെയാണ് സുരക്ഷാസംവിധാനങ്ങൾ പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.

വടക്കുന്നാഥക്ഷേത്രത്തിലേയ്ക്ക് പൂരംദിവസമായ 13-ന് വരുന്ന എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കും. സ്ത്രീകളെ പരിശോധിക്കുന്നതിന് പ്രത്യേകം വനിതാ സ്‌ക്വാഡ് ഉണ്ടായിരിക്കുമെന്നും പരിശോധനയ്ക്കായി പടിഞ്ഞാറെഗോപുരനടയിലും കിഴക്കേഗോപുരനടയിലും അത്യാധുനികസംവിധാനങ്ങൾ സജ്ജീകരിക്കുമെന്നും അധികൃതർ അറിയിച്ചു.  

പരിശോധനയ്ക്കായി 40 ഡോർഫ്രെയിംഡ് മെറ്റൽ ഡിറ്റക്ടറുകളാണ് ഉപയോഗിക്കുന്നത്. പൂരം കാണാനെത്തുന്നവർ ബാഗുകൾ ഒഴിവാക്കാൻ നിർദേശമുണ്ട്. 10 ഡോഗ് സ്‌ക്വാഡുകളും സേവനത്തിൽ ഉണ്ടായിരിക്കും. കണ്ടെത്തുന്ന സ്ഥലത്തുവെച്ചുതന്നെ ബോംബ് നിർവീര്യമാക്കാനുള്ള സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.

സംശയാസ്പദമായി വ്യക്തികളെ കാണുകയോ സംഭവങ്ങൾ ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ പോലീസിനെ അറിയിക്കണമെന്ന് ഐ.ജി. പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. സുരക്ഷയുടെ ഭാഗമായി നിരവധി കെട്ടിടങ്ങളിൽ ബൈനോക്കുലറുകൾ സ്ഥാപിച്ചിട്ടുണ്ട്. തീരദേശ പോലീസ് ഉപയോഗിക്കുന്ന തരത്തിലുള്ളവയാണിവ. വടക്കുന്നാഥക്ഷേത്രം, തേക്കിൻകാട് മൈതാനം, സ്വരാജ് റൗണ്ടും പരിസരങ്ങളും എന്നിവിടങ്ങളിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. 80 ക്യാമറകളിലൂടെയുള്ള തത്‌സമയദൃശ്യങ്ങൾ പോലീസ് നിരീക്ഷിച്ചുകൊണ്ടിരിക്കും.

ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, കുടമാറ്റം, വെടിക്കെട്ട് സമയങ്ങളിൽ ഇരുദേവസ്വങ്ങളും നിശ്ചയിച്ച ബാഡ്‌ജ്‌ അണിഞ്ഞ വൊളന്റിയർമാരെയല്ലാതെ തൊട്ടടുത്ത പരിസരത്തേക്ക് ആരെയും കടത്തിവിടില്ല. പൂരം കാണാനെത്തുന്നവർ ബാഗിനു പുറമേ പ്ലാസ്റ്റിക് ബോട്ടിലും കൊണ്ടുവരരുതെന്നും പോലീസ് നിർദേശിക്കുന്നു. ഗ്യാസ് സിലിൻഡറുകൾ ഉപയോഗിച്ചുള്ള ബലൂൺ, ഭക്ഷണശാല എന്നിവ പൂരപ്പറമ്പിൽ അനുവദിക്കില്ല.

ആനത്തൊഴിലാളികൾ, ആന ഉടമസ്ഥർ, സഹായികൾ, വെടിക്കെട്ടുതൊഴിലാളികൾ എന്നിവരുടെ വിവരങ്ങൾ സ്പെഷ്യൽ ബ്രാഞ്ച് പരിശോധിച്ച് ഫോട്ടോ പതിച്ച തിരിച്ചറിയൽരേഖ നൽകി. എല്ലാ പൂരക്കമ്മിറ്റി ഭാരവാഹികളുടെയും വൊളന്റിയർമാരുടെയും വിവരം പോലീസ് പരിശോധിച്ചു. വാദ്യകലാകാരന്മാർക്കും ബാഡ്‌ജ്‌ നിർബന്ധമാക്കി. എല്ലാ വാദ്യോപകരണങ്ങളും സ്‌കാൻ ചെയ്യും.

അപരിചിതർക്ക് വീടോ വാഹനമോ നൽകരുതെന്ന് നിർദേശമുണ്ട്. രേഖകളും ഫോട്ടോയും നൽകാത്തവർക്ക് സിം കാർഡുകൾ നൽകരുത്. അടിയന്തരമായി സിം കാർഡോ ഫോണോ അന്വേഷിച്ചെത്തുന്ന അപരിചിതരുടെ വിവരം പോലീസിന് കൈമാറണം. ഹോട്ടലുകളിലെയും മറ്റും സി.സി.ടി.വി. ക്യാമറകൾ പ്രവർത്തനസജ്ജമാക്കണം. വിദേശികൾ താമസിക്കുന്നുണ്ടെങ്കിൽ ഇവരുടെ വിവരങ്ങൾ പോലീസിന് കൈമാറണം.

അടിയന്തരസാഹചര്യങ്ങളിൽ ഇടപെടുന്നതിനായി ക്രൈസിസ് മാനേജ്‌മെന്റ് ടീം സജ്ജമാക്കി. ഇവയെല്ലാം ഏകോപിപ്പിക്കുന്നതിനായി പൂരം കൺട്രോൾ റൂമും ജില്ലാ കൺട്രോൾ റൂമും 24 മണിക്കൂറും പ്രവർത്തിക്കും. ഫോൺ നമ്പർ 100.