പൂരവിളംബരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തുമോ?: ഇന്നറിയാം

single-img
11 May 2019

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തൃശൂര്‍ പൂരത്തിന് തിടമ്പേറ്റാന്‍ എത്തുമോ എന്ന് ഇന്നറിയാം. ഇന്നാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യക്ഷമത പരിശോധിക്കുന്നത്. ആരോഗ്യ പരിശോധന നടത്തി തൃപ്തികരമെങ്കില്‍ മാത്രമേ ആനയെ എഴുന്നുള്ളിക്കൂ.

മൂന്നംഗ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ച് പ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തിയാല്‍ ഞായറാഴ്ചത്തെ പൂരവിളംബരത്തിന് ആനയെ എഴുന്നള്ളിക്കും. ജില്ലാ കലക്ടര്‍ അധ്യക്ഷയായ നാട്ടാന നിരീക്ഷക കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം.

ആരോഗ്യ ക്ഷമതയുണ്ടെങ്കില്‍ പൂരവിളംബരത്തിന് ഒരു മണിക്കൂര്‍ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കുമെന്ന്  ടി വി അനുപമ വിശദമാക്കി. ഈ പശ്ചാത്തലത്തില്‍, തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ വിലക്കിയതില്‍ പ്രതിഷേധിച്ച് തൃശ്ശൂര്‍ പൂരത്തിന് ആനകളെ വിട്ടുനല്‍കില്ലെന്ന നിലപാടില്‍നിന്ന് ആന ഉടമകള്‍ പിന്മാറി. ഒമ്പതു മുതല്‍ പത്തുമണിവരെയാണ് ആനയെ എഴുന്നള്ളിക്കുക.

തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ ആവശ്യമെങ്കില്‍ പൂര വിളംബരത്തിന് മാത്രം എഴുന്നള്ളിക്കാമെന്ന് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന്  നിയമോപദേശം നല്‍കിയിരുന്നു. പൊതുതാല്‍പര്യം പറഞ്ഞ് ഭാവിയില്‍ ഇത് അംഗീകരിക്കരുത് എന്നും വ്യക്തമാക്കിയാണ് നിയമോപദേശം നല്‍കിയത്. അനുമതി നല്‍കേണ്ടത് കര്‍ശന ഉപാധികളോടെയെന്ന് നിയമോപദേശം വിശദമാക്കിയിരുന്നു.