ഇത് ഞാന്‍ ജനിച്ച രാജ്യം, മരിക്കുന്നത് വരെ ഇവിടെ തന്നെ; നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായാല്‍ ഇന്ത്യ വിടും എന്ന് പറഞ്ഞിട്ടില്ല: ഷബാന അസ്മി

single-img
11 May 2019

നരേന്ദ്ര മോദി വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രിയായാല്‍ ഇന്ത്യ വിടും എന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് നടി ഷബാന അസ്മി. തന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും അവർ പറഞ്ഞു. ഇതിനു പിന്നിൽ ഒരു ഫേക്ക് ന്യൂസ് ബ്രിഗേഡ് ആണ്. തൽക്കാലം ഇന്ത്യ വിട്ടുപോകാനുള്ള യാതൊരു ഉദ്ദേശവും എനിക്കില്ല. ഇത് ഞാന്‍ ജനിച്ച രാജ്യമാണ്. മരിക്കുന്നത് വരെ ഇവിടെ തന്നെ – ഷബാന അസ്മി പറയുന്നു.

ശരിക്കുള്ള പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനായി ഇതുപോലുള്ള നുണകള്‍ പടച്ചുവിടുകയാണ് അവര്‍. എതിരാളികളെ ശത്രുക്കളായി കാണരുത് എന്നാണ് തന്റെ പിതാവ് കൈഫി അസ്മി (വിഖ്യാത ഉറുദു കവിയും സാംസ്‌കാരിക പ്രവര്‍ത്തകനും) തന്നെ പഠിപ്പിച്ചിട്ടുള്ളത് എന്ന് ഷബാന പറഞ്ഞു. യുക്തിപൂര്‍വമായി എതിര്‍വാദങ്ങളെ ഖണ്ഡിയ്ക്കുക എന്നതാണ് പക്വത. അല്ലാതെ നുണകള്‍ കൊണ്ട് എതിരാളിയെ ഇടിച്ചുതാഴ്ത്താന്‍ നോക്കുകയല്ല – ഷബാന പറയുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ വോട്ട് ചെയ്യണം എന്ന് ആവശ്യപ്പെട്ട് രാജ്യത്തെ ചലച്ചിത്ര / നാടക പ്രവര്‍ത്തകരും എഴുത്തുകാരും രംഗത്തെത്തിയപ്പോള്‍ അക്കൂട്ടത്തില്‍ ഷബാന അസ്മിയും ഭര്‍ത്താവും എഴുത്തുകാരനുമായ ജാവേദ് അക്തറും ഉണ്ടായിരുന്നു.