രാജ് മോഹന്‍ ഉണ്ണിത്താന്‍റെ വീട്ടിൽ നിന്ന് 8 ലക്ഷം കാണാതായ സംഭവത്തിൽ: കോൺഗ്രസ് നേതാവിന് സസ്പെന്‍ഷൻ

single-img
11 May 2019

ലോക്സഭാ സ്ഥാനാർഥിയും കോൺഗ്രസ് നേതാവുമായ രാജ്മോഹൻ ഉണ്ണിത്താൻ്റെ വീട്ടിൽ നിന്നും 8 ലക്ഷം രൂപ കാണാതായ സംഭവത്തിൽ കോൺഗ്രസ് നേതാവിന് സസ്പെന്‍ഷൻ. കോൺഗ്രസ് കുണ്ടറ ബ്ലോക്ക് ജനറൽ സെക്രട്ടറി പ‍ൃഥ്വിരാജിനെയാണ് സസ്പെൻഡ് ചെയ്തത്. ഇയാളെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്ത കാര്യം കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണമാധ്യമങ്ങളെ അറിയിച്ചു.

ഉണ്ണിത്താന്റെ തന്നെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തെരഞ്ഞെടുപ്പ് സമയത്ത് ഉണ്ണിത്താന്റെ സഹായി ആയിരുന്നു പ‍ൃഥ്വിരാജ്. താൻ താമസിച്ചിരുന്ന മേൽപ്പറമ്പിലെ വാടകവീട്ടിൽ നിന്ന് പണം കാണാതായെന്ന് കാട്ടി കഴിഞ്ഞ ദിവസമാണ് ഉണ്ണിത്താൻ പരാതി നൽകിയത്.. തെരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് പണം തട്ടിയെടുത്തെന്ന് കാട്ടി കൊല്ലം സ്വദേശിയായ പ‍ൃഥ്വിരാജിനെതിരെയായിരുന്നു പരാതി നൽകിയത്.

പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായെന്ന് മനസിലായതെന്നാണ് ഉണ്ണിത്താൻ പരാതിയിൽ പറയുന്നത്. പണം തിരികെ ആവശ്യപ്പെട്ട് പൃഥിരാജിനെ വിളിച്ചെങ്കിലും അയാൾ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്നും പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് പാർട്ടി ജില്ലാ നേതൃത്വം ഇയാൾക്കെതിരെ നടപടി എടുത്തിരിക്കുന്നത്.