മൂന്നു മണിക്കൂര്‍ മാത്രം ഉറങ്ങുന്ന മോദീ, സംവാദത്തിനു വരുന്നോ? വെല്ലുവിളിച്ച് രാഹുല്‍

single-img
11 May 2019

ദിവസം മൂന്നു മണിക്കൂര്‍ മാത്രം ഉറങ്ങാറുള്ളുവെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ഗാന്ധി. രാജ്യത്തെ അഴിമതി, നോട്ടുനിരോധനം, ജി.എസ്.ടി. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ചത്. എന്‍.ഡി. ടി.വി.യ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ വെല്ലുവിളി.

സ്‌നേഹം നിറഞ്ഞ ഒരു രാജ്യത്ത് അദ്ദേഹം (മോദി) വ്യക്തി വിരോധത്തില്‍ നിറഞ്ഞിരിക്കുകയാണ്. പൊതുപരിപാടികളില്‍ താന്‍ അദ്ദേഹത്തെ കാണാറുണ്ടെങ്കിലും അദ്ദേഹം മറുപടി നല്‍കാറില്ല. താന്‍ ബഹുമാനത്തോടെ മോദിയോടു സംസാരിക്കാറുണ്ടെങ്കിലും അദ്ദേഹം മറുപടി നല്‍കാന്‍ പോലും തയ്യാറാകില്ലെന്ന് രാഹുല്‍ പറഞ്ഞു.

അഞ്ചു വര്‍ഷം മുമ്പ് ആര്‍ക്കും മോദിയെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് ചിലര്‍ പറഞ്ഞു. എന്നിട്ടും ഞങ്ങള്‍ പിന്നോട്ടു പോയില്ല. പാര്‍ലമെന്റില്‍ ഞങ്ങള്‍ പോരാടി. ഇപ്പോള്‍ അദ്ദേഹത്തിന് ഭയം തോന്നുന്നുണ്ടാകും. നരേന്ദ്ര മോദി തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് ഇപ്പോള്‍ ആരും പറയുന്നില്ല രാഹുല്‍ പറഞ്ഞു.

എങ്ങനെ രാജ്യം ഭരിക്കരുത് എന്നുപോലുള്ള ചില കാര്യങ്ങളില്‍ താന്‍ അദ്ദേഹത്തെ മാതൃകയാക്കാറുണ്ടെന്നും രാഹുല്‍ പറഞ്ഞു. ആരുടെയും ശബ്ദം ശ്രവിക്കാതെയാണ് ഭരണമെങ്കില്‍ അത് ശരിയായ ഭരണമാകില്ലെന്നും മോദിയുടെ ആശയവിനിമയ മാര്‍ഗങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യത്തിന് അത് ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നായിരുന്നു രാഹുലിന്റെ മറുപടി.

ഒരു വശത്ത് ആര്‍എസ്എസ് ബിജെപി സഖ്യവും മറുവശത്ത് പുരോഗമന ശക്തികളും അണിനിരക്കുന്ന ആശയപരമായ പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. തന്റെ കുടുംബത്തെ കുറിച്ച് മോദി പറയുന്നത് താന്‍ കാര്യമാക്കാറില്ലെന്നും തനിക്ക് അതിന്റെ സത്യാവസ്ഥകള്‍ അറിയാമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.