ക്രെെസ്തവ വിശ്വാസമനുസരിച്ച് മരിച്ച് 40-ാം ദിവസം സ്വാർഗ്ഗാരോഹണം; മെയ് 29 ന് ശ്രീലങ്കന്‍ സ്‌ഫോടനത്തില്‍ മരിച്ചവരുടെ ചിത്രങ്ങള്‍ വെച്ചുകൊണ്ടുള്ള പ്രത്യേക പ്രാര്‍ഥന ബിജെപി സംഘടിപ്പിക്കുമെന്ന് ശ്രീധരൻപിള്ള

single-img
11 May 2019

ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളിലേക്കിറങ്ങാൻ ക്രൈസ്തവ സംരക്ഷണ സേന രൂപീകരിക്കാനൊരുങ്ങുന്നതിനു പിന്നാലെ മെയ് 29 ന് ശ്രീലങ്കന്‍ സ്‌ഫോടനത്തില്‍ മരിച്ചവരുടെ ചിത്രങ്ങള്‍ വെച്ചുകൊണ്ടുള്ള പ്രത്യേക പ്രാര്‍ഥന സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. ഇതിന്റെ ഭാഗമായി. അന്നേദിവസം ഉപവാസവും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ക്രെെസ്തവ വിശ്വാസമനുസരിച്ച് മരിച്ച് 40-ാം നാളിലാണ് സ്വാർഗ്ഗാരോഹണം നടക്കുന്നത്. ശ്രീലങ്കയിൽ ക്രെെസ്തവ വിശ്വാസികൾ മരിച്ചിട്ട് മെയ് 29 ന് 40 ദിവസമാകും. അതിൻ്റെ ഭാഗമായാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് സേന രൂപീകരിക്കാന്‍ ബിജെപി തീരുമാനിച്ചിരിക്കുന്നത്. ബിജെപിയുടെ ഭാഗമായ ന്യൂനപക്ഷ മോര്‍ച്ചയെ മുന്‍നിര്‍ത്തിയാണ് ക്രൈസ്തവ സംരക്ഷണ സേന രൂപീകരിക്കുക.  സംരക്ഷണ സേനയുടെ ഭാഗമായി കൂടുതല്‍ സമര പരിപാടികള്‍ ഭാവിയില്‍ നടത്തും.

കൊച്ചിയില്‍ ന്യൂനപക്ഷ മോര്‍ച്ചയുടെ സംസ്ഥാന സമ്മേളനം നടന്നുകൊണ്ടിരിക്കുകയാണ്. ഇതില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള പങ്കെടുക്കും. ഇതിന് ശേഷം ക്രൈസ്തവ സംരക്ഷണ സേനയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്.