ഇന്ത്യൻ സൈന്യത്തിലും പോസ്റ്റൽ വോട്ട് വിവാദം; ജവാന്മാർക്ക് വിതരണം ചെയ്യുന്നതിന് പകരം കമാന്‍ഡിങ് ഓഫീസര്‍മാര്‍ വോട്ട് രേഖപ്പെടുത്തുന്നു: തെരഞ്ഞെടുപ്പ് കമ്മീഷന്‍

single-img
11 May 2019

കേരളാ പോലീസിലെ പോസ്റ്റൽ വോട്ട് വിവാദങ്ങൾക്ക് പിന്നാലെ ഇന്ത്യൻ സൈന്യത്തിന് നേരെയും പോസ്റ്റൽ വോട്ട് തിരിമറി ആരോപണം. ആരോപണം ഉന്നയിച്ചിരിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. വോട്ടു ചെയ്യുന്നതിനെ സ്വാധീനിക്കാന്‍ മുതിര്‍ന്ന ഓഫീസർമാർ ശ്രമിക്കുന്നുവെന്നാരോപിച്ച് ജമ്മുകശ്മീരിലെ സേനാ നേതൃത്വത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ കത്ത് നൽകി.

ചില സൈനികർ തങ്ങളുടെ പോസ്റ്റല്‍ വോട്ടുകള്‍ ജൂനിയർമാരായ ജവാന്മാർക്ക് നല്‍കാതെ വോട്ടു ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഇത്തരത്തിലുള്ള നിരവധി പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പ്രാദേശിക ഇലക്ഷന്‍ ഓഫീസറായ അവ്‌നി ലവാസ സൈനിക നേതൃത്തോട് വിശദീകരണം ആവശ്യപ്പെടുകയായിരുന്നു.

പോസ്റ്റല്‍ ബാലറ്റ് വഴിയുള്ള വോട്ടിംഗിൽ ഇന്ത്യന്‍ സൈന്യത്തിലെ വിവിധ കമാന്‍ഡിങ് ഓഫീസര്‍മാരുടെ ഭാഗത്ത് ക്രമക്കേടുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ലഡാ പാര്‍ലമെന്ററി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി തനിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

‘പോസ്റ്റല്‍ വോട്ടുകള്‍ ജൂനിയറായ ജവാന്മാര്‍ക്ക് വിതരണം ചെയ്യുന്നതിനു പകരം കമാന്‍ഡിങ് ഓഫീസര്‍മാര്‍ ഫോണില്‍ വിളിച്ച് ജവാന്മാരോട് ആര്‍ക്കാണ് വോട്ടു ചെയ്യേണ്ടതെന്ന് ചോദിക്കുകയാണ് ചെയ്യുന്നതെന്ന് ആരോപിച്ച് ഞങ്ങള്‍ക്ക് പരാതി ലഭിച്ചിട്ടുണ്ട്. ജനാധിപത്യത്തിൽ വോട്ടിംഗ് എന്നതിന്റെ രഹസ്യ സ്വഭാവത്തെ ലംഘിക്കുന്നതാണിത്. കര്‍ശന നിയമനടപടിയെടുക്കേണ്ട തരത്തിലുള്ള ക്രമക്കേടാണിത്.’ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു.

എന്നാൽ, തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആരോപണം സൈന്യം തള്ളി. കമ്മീഷന് ലഭിച്ച പരാതിയില്‍ കഴമ്പില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന്‍ ആര്‍മി വക്താവ് കേണല്‍ രാജേഷ് കാലിയ അറിയിച്ചു. രാജ്യത്തിന്റെ സൈന്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനാണ് ഇത്തരമൊരു ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്. വിശദമായ അന്വേഷണത്തിലൂടെ കാര്യങ്ങള്‍ ഉറപ്പിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.