പേ വിഷബാധയേറ്റ ലക്ഷണമാണെന്ന് തിരിച്ചറിഞ്ഞില്ല; നെടുമങ്ങാട് ആശുപത്രിയിലെ ഡോക്ടര്‍ നല്‍കിയത് പനിക്കുള്ള മരുന്ന്: കന്യാകുളങ്ങര സിഎച്ച്‌സിയിലെ ഡോക്ടര്‍ രോഗം കണ്ടുപിടിച്ചപ്പോഴേക്കും എട്ടുവയസ്സുകാരന് ദാരുണാന്ത്യം

single-img
11 May 2019

പേ വിഷ ബാധയേറ്റ എട്ടുവയസ്സുകാരന് ദിവസങ്ങള്‍ക്ക് ശേഷം ദാരുണാന്ത്യം. തിരുവനന്തപുരം വെഞ്ഞാറമൂട്ടിലാണ് സംഭവം. വെമ്പായം സ്വദേശികളായ മണിക്കുട്ടന്‍ റീന ദമ്പതികളുടെ മകനായ അഭിഷേക് ആണ് മരിച്ചത്. ശരീരത്തില്‍ മുറിവുകളോ പാടുകളോ ഇല്ലാത്തതിനാല്‍ മരിയ്ക്കുന്നതിന് തൊട്ടുമുമ്പാണ് പേവിഷ ബാധയേറ്റതായിരിക്കാമെന്ന സംശയമുണ്ടായത്.

മരിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് കുട്ടിയെ അവശ നിലയില്‍ കണ്ടെത്തിയത്. മുറിവുകളോ മറ്റ് അടയാളങ്ങളോ ഒന്നും ശരീരത്തുണ്ടായിരുന്നില്ല. രോഗ കാരണം മനസ്സിലാകാത്ത ബന്ധുക്കള്‍ കുട്ടിയെ സമീപത്തെ ഒരാളില്‍നിന്ന് നൂല്‍ ജപിച്ചു കെട്ടി. എന്നാല്‍, രാത്രി മുതല്‍ കുട്ടി പേവിഷ ബാധയേറ്റ അടയാളങ്ങള്‍ പ്രകടമാക്കി തുടങ്ങി. വെളിച്ചം കണ്ടാല്‍ ഭയക്കുകയും തുറിച്ചു നോക്കുകയും വിറയ്ക്കുകയും ചെയ്തു.

തുടര്‍ന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പനിക്കുള്ള മരുന്നു നല്‍കി തിരിച്ചയച്ചുവെന്ന് ബന്ധുക്കള്‍ പറയുന്നു. വ്യാഴം വൈകിട്ട് തീര്‍ത്തും അവശനിലയിലായ കുട്ടിയെ രക്ഷിതാക്കള്‍ രാത്രി 11 ന് കന്യാകുളങ്ങര സിഎച്ച്‌സിയില്‍ എത്തിക്കുകയും രോഗലക്ഷണങ്ങള്‍ കണ്ട ഡോക്ടര്‍ കുട്ടിക്ക് പേ വിഷബാധയേറ്റെന്നു സംശയിക്കുന്നുവെന്നും എസ്എടി ആശുപത്രിയില്‍ കൊണ്ടു പോകാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

എന്നാല്‍ വാഹന സൗകര്യം ഇല്ലാത്തതിനാല്‍ കുട്ടിയെ തിരികെ വീട്ടില്‍ എത്തിക്കുകയും പുലര്‍ച്ചെ മരിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. പിന്നീടാണ് കന്യാകുളങ്ങര ആശുപത്രിയില്‍ എത്തിച്ചത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചു. മാണിക്കല്‍ പഞ്ചായത്ത്പ്രസിഡന്റ് സുജാത ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി അന്വേഷണം വേണമെന്നാവശ്യപ്പെട്ടു.

മൃതദേഹം ഇന്നലെ വൈകിട്ട് സംസ്‌കരിച്ചു. കുട്ടി മരിച്ച സംഭവത്തില്‍ മെഡിക്കല്‍ സംഘം വീട് സന്ദര്‍ശിച്ചു. നായ്ക്കളെ ധാരാളം വളര്‍ത്തുന്ന പ്രദേശമാണിത്. ഒരു മാസം മുന്‍പ് അഭിഷേകിന്റെ വീട്ടിലെ പട്ടി തനിയെ ചത്തിരുന്നു. ദിവസങ്ങള്‍ക്കു ശേഷം അയല്‍വക്കത്തെ പട്ടിയെ പേവിഷബാധയേറ്റതിനെത്തുടര്‍ന്ന് തല്ലിക്കൊന്നെന്നും പ്രദേശവാസികളില്‍ നിന്ന് മെഡിക്കല്‍ സംഘം ചോദിച്ചറിഞ്ഞു.

നായയുടെ ഉമി നീരില്‍ നിന്നു കുറഞ്ഞത് അറുപതു ദിവസം മുമ്പെങ്കിലും വിഷബാധയേറ്റതാകാമെന്നാണ് പ്രാഥമിക നിഗമനം.
ഉന്നതാധികാരികളുമായി ബന്ധപ്പെട്ട മെഡിക്കല്‍ സംഘം പ്രദേശത്തെ ആളുകള്‍ക്ക് പേ വിഷബാധക്കെതിരെ ഒന്നാം ഘട്ട പ്രതിരോധ കുത്തിവയ്പ് നടത്തി. അടുത്ത ഘട്ടങ്ങള്‍ വാമനപുരം ആശുപത്രിയില്‍ വച്ച് നല്‍കും. നൂറേക്കര്‍ കേന്ദ്രീകരിച്ചു ശുചീകരണ പ്രവര്‍ത്തനങ്ങളും വളര്‍ത്തു നായകള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കുന്നതിനും നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.