മോദിയെ പുറത്താക്കാന്‍ അന്ന് വാജ്‌പേയി ശ്രമിച്ചിരുന്നു: നിര്‍ണായക വെളിപ്പെടുത്തല്‍

single-img
11 May 2019

ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്ര മോദിയെ പുറത്താക്കാന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി ഒരിക്കല്‍ തുനിഞ്ഞിരുന്നതായി ബിജെപി മുന്‍ നേതാവ് യശ്വന്ത് സിന്‍ഹ. ഗോധ്‌ര സംഭവത്തെ തുടര്‍ന്ന് 2002 ല്‍ ഗുജറാത്തില്‍ വന്‍ കലാപമുണ്ടായ സമയത്തായിരുന്നു ഇതെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.

എന്നാല്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന എല്‍.കെ. അഡ്വാനിയുടെ രാജിഭീഷണിയെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നുവെന്നും ബിജെപി മുന്‍ നേതാവ് യശ്വന്ത് സിന്‍ഹ വ്യക്തമാക്കി. ”കലാപം നേരിടുന്നതില്‍ പരാജയപ്പെട്ട മോദിയോട് രാജി ആവശ്യപ്പെടണമെന്നായിരുന്നു വാജ്‌പേയിയുടെ നിലപാട്.

ഗോവയില്‍ പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവില്‍ അദ്ദേഹം ഇക്കാര്യം ഉന്നയിക്കുമായിരുന്നു. എന്നാല്‍, അഡ്വാനിയുടെ കടുത്ത എതിര്‍പ്പും രാജിഭീഷണിയും മൂലം വാജ്‌പേയിക്ക് പിന്മാറേണ്ടിവന്നു,” അന്ന് മന്ത്രിയായിരുന്ന സിന്‍ഹ പറഞ്ഞു.

രാജീവ് ഗാന്ധിക്കെതിരെ വിരാട് യാത്രയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ മോദി ഉന്നയിച്ച ആരോപണം ബാലിശമാണെന്നും പ്രധാനമന്ത്രി പദത്തിന്റെ അന്തസ്സിനു നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്‍ വിഷയം ഉന്നയിക്കുന്നതും ശരിയല്ല. പാക്കിസ്ഥാനുമായി ഒരു തരത്തിലും ഇന്ത്യയെ താരതമ്യപ്പെടുത്താനാവില്ല-സിന്‍ഹ പറഞ്ഞു.