‘മോദിയും അമിത് ഷായും പെരുമാറ്റചട്ടം ലംഘിച്ചാല്‍ നടപടിയില്ല; കോണ്‍ഗ്രസിനോട് വിവേചനം കാണിക്കരുത്’; തെരഞ്ഞെടുപ്പു കമ്മീഷന് രാഹുല്‍ ഗാന്ധിയുടെ കത്ത്

single-img
11 May 2019

മോദി സര്‍ക്കാരിനെ വിമര്‍ശിച്ചതില്‍ വിശദീകരണം ചോദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുല്‍ ഗാന്ധിയുടെ മറുപടി. ആദിവാസികള്‍ക്ക് നേരെ വെടിവയ്ക്കാന്‍ അനുവദിക്കുന്ന നിയമം മോദി സര്‍ക്കാര്‍ കൊണ്ടുവന്നുവെന്ന പരാമര്‍ശത്തില്‍ ചട്ടലംഘനം ഇല്ലെന്ന് രാഹുല്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ നയത്തെയാണ് താന്‍ വിമര്‍ശിച്ചതെന്ന് മറുപടി നല്‍കിയ രാഹുല്‍ പരാതി തള്ളണമെന്നും ആവശ്യപ്പെട്ടു. സ്വതന്ത്രമായ രാഷ്ട്രീയ അഭിപ്രായ പ്രകടനം കമ്മീഷന്‍ വിലക്കരുത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോണ്‍ഗ്രസിനോട് വിവേചനം കാണിക്കരുത്. ഏകപക്ഷീയമായ സമീപനം കമ്മീഷന്‍ കൈകൊള്ളരുത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും പ്രസ്താവനകളില്‍ നടപടിയെടുക്കാത്ത കമ്മീഷന്റെ നടപടിയേയും രാഹുല്‍ കത്തില്‍ വിമര്‍ശിക്കുന്നുണ്ട്. മോദിയും അമിത് ഷായും വിവാദ പ്രസ്താവനകള്‍ നടത്തിയിട്ടും കമ്മീഷന്‍ നടപടി എടുത്തില്ല. പരാതിയില്‍ നടപടി എടുക്കുന്നതില്‍ കാലതാമസം ഉണ്ടാക്കിയെന്നും ബിജെപിയുടെ ചട്ടലംഘന പരാതിക്ക് നല്‍കിയ മറുപടിയില്‍ രാഹുല്‍ വ്യക്തമാക്കി.

ആദിവാസികളെ വെടിവെച്ചുകൊല്ലാനുള്ള നിയമം സര്‍ക്കാര്‍ കൊണ്ടുവന്നെന്ന പ്രസ്താവനയില്‍ രാഹുല്‍ ഗാന്ധിയോട് രണ്ടുദിവസത്തിനകം വിശദീകരണം നല്‍കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ടാണ് രാഹുല്‍ തെരഞ്ഞെടുപ്പു കമ്മീഷന് കത്ത് നല്‍കിയത്.

പൊലീസിന് ആദിവാസികളെ വെടിവെയ്ക്കുന്നതിന് അനുവാദം നല്‍കുന്ന പുതിയ നിയമത്തിന് മോദി രൂപം കൊടുത്തിട്ടുണ്ട്. ആദിവാസികളെ ആക്രമിക്കാമെന്ന് നിയമത്തില്‍ പറയുന്നെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഏപ്രില്‍ 23ന് ഷാഡോളിലെ റാലിയിലായിരുന്നു രാഹുല്‍ ഇങ്ങനെ പറഞ്ഞത്.