ഐടിസി ലിമിറ്റഡ് ചെയർമാൻ വൈ സി ദേവേശ്വർ അന്തരിച്ചു

single-img
11 May 2019

കൊല്‍ക്കൊത്ത: ഐ.ടി.സി കമ്പനി ചെയര്‍മാന്‍ വൈ.സി ദേവേശ്വര്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. ഏറെക്കാലമായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. കമ്പനിയെ ഏറ്റവും കൂടുതല്‍ കാലം നയിച്ച സിഇഒ ആയിരുന്നു ദേവേശ്വര്‍. 2011ല്‍ പത്മഭൂഷണ്‍ പുരസ്‌കാരവും ലഭിച്ചിരുന്നു.

ഇന്ത്യന്‍ വ്യവസായ മേഖലയ്ക്ക് വലിയ സംഭാവനകള്‍ നല്‍കിയ ആളാണ് വൈ.സി ദേവേശ്വര്‍ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ പരിശ്രമങ്ങളാണ് ഇന്ത്യന്‍ കമ്പനിയായ ഐ.ടി.സിയ്ക്ക് ആഗോളതലത്തില്‍ മുദ്രപതിപ്പിക്കാന്‍ കഴിഞ്ഞതെന്നും പ്രധാനമന്ത്രി പറഞ്ഞു.

1968ലാണ്​ ദേവേശ്വർ ഐ.ടി.സിയിലെത്തുന്നത്​. 1996ൽ കമ്പനിയുടെ എക്​സിക്യൂട്ടീവ്​ ചെയർമാനായി. ​അദ്ദേഹത്തിൻെറ നേതൃത്വത്തിലാണ്​ സിഗരറ്റ്​ കമ്പനിയെന്ന നിലയിൽ നിന്നും ഇന്ത്യയിലെ അതിവേഗം വളരുന്ന എഫ്​.എം.സി.ജി കമ്പനിയെന്ന നിലയിലേക്ക്​ ഐ.ടി.സി വളർന്നത്​.

2017ലാണ്​ ദേവേശ്വർ ഐ.ടി.സിയുടെ നോൺ എക്​സിക്യൂട്ടീവ്​ ചെയർമാനായത്​. നിലവിൽ സഞ്​ജീവ്​ പുരിയാണ്​ കമ്പനിയുടെ സി.ഇ.ഒയും എം.ഡിയും.

കൊല്‍ക്കൊത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.ടി.സി 1910ലാണ് സ്ഥാപിച്ചത്. ‘ഇംപീരിയല്‍ ടുബാക്കോ കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ്’ എന്നായിരുന്നു ആദ്യപേര്. 1970ല്‍ ‘ഇന്ത്യ ടുബാക്കോ കമ്പനി ലിമിറ്റഡ്’ എന്നാക്കി. 1974 മുതല്‍ ഐ.ടി.സി ലിമിറ്റഡ് എന്ന ചുരുക്കപേരിലാണ് കമ്പനി അറിയപ്പെടുന്നത്.