യാക്കോബായ സഭയിൽ തമ്മിലടി; സഭാധ്യക്ഷനെ അനുകൂലിക്കുന്ന യുവജനവിഭാഗവും വിമതപക്ഷ യുവജനവിഭാഗവും തമ്മിൽ സഭാ ആസ്ഥാനത്ത് കയ്യാങ്കളി

single-img
11 May 2019

യാക്കോബായ സഭയിൽ സഭാധ്യക്ഷനായ ബസേലിയോസ് തോമസ് പ്രഥമൻ ബാവയെ അനുകൂലിക്കുന്ന യുവജനവിഭാഗവും വിമതപക്ഷത്തെ യുവജനവിഭാഗവും തമ്മിൽ സഭാ ആസ്ഥാനത്ത് കയ്യാങ്കളി. സഭയുടെ സേവന സംഘടനയായ കേഫ എന്ന സംഘടന പുനസംഘടിപ്പിക്കണമെന്ന സഭാധ്യക്ഷന്റെ കൽപ്പനയെ ചൊല്ലിയായിരുന്നു തർക്കം

സംഘടന സജീവമാക്കണമെന്ന ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയുടെ ഉത്തരവാണ് പുതിയ കലഹത്തിന് പിന്നില്‍. നിലവിൽ നിർജീവമായ കേഫാ യൂണിറ്റുകളുടെ പ്രവർത്തനം ഇടവകകളിൽ സജീവമാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഫെബ്രുവരി 22ന് ആണ് കാതോലിക്കാ ബാവ കൽപ്പന ഇറക്കിയത്. പക്ഷെ ഇപ്പോൾ സഭയുടെ ഭരണം കയ്യാളുന്ന വിമതപക്ഷം കേഫാ എന്ന പേരിൽ തന്നെ പുതിയ സംഘടന രൂപീകരിച്ചതാണ് പുതിയ പ്രശ്നങ്ങൾക്ക് കാരണമായത്.

സംഘടനയുടെ പേരിലുള്ള സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് നടക്കുന്നതിനിടെ പുത്തൻകുരിശിലേ സഭാ ആസ്ഥാനത്തേക്ക് ബാവ അനുകൂലികളായ യുവജനവിഭാഗം എത്തി. തുടർന്ന് ഇരുവിഭാഗവും തമ്മിൽ തുടങ്ങിയ തർക്കം കയ്യാങ്കളിയിലാണ് കലാശിച്ചത്. ഇപ്പോഴുള്ള സംഘടനയുടെ പേരിൽ തന്നെ പുതിയ സംഘടന രജിസ്റ്റർ ചെയ്തതാണ് ബാവ അനുകൂലികളെ ചൊടിപ്പിച്ചത്. പേരിലല്ല, സേവനപ്രവർത്തനങ്ങൾക്കാണ്പ്രാധാന്യം എന്ന് വിമതവിഭാഗവും പറയുന്നു.ആഭ്യന്തര കലഹത്തെ തുടർന്ന് ശ്രേഷ്ഠ ബാവ മെത്രാപൊലീത്തൻ ട്രസ്റ്റി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് സഭയിലെ ആഭ്യന്തരതർക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയത്.