കാട്ടുപോത്തിനെ വേട്ടയാടിയ കേസ്: കീഴടങ്ങിയ പ്രതിയെ വനപാലകർ പട്ടിയെ വിട്ടു കടിപ്പിച്ചെന്ന് ആക്ഷേപം

single-img
11 May 2019

ഫോറസ്റ്റ് ഓഫീസർമാർ നായാട്ടുകേസിലെ പ്രതിയെ പട്ടിയെ വിട്ട് കടിപ്പിച്ചതായി പരാതി. പെരിയാര്‍വന്യജീവിസങ്കേതത്തില്‍ കാട്ടുപോത്തിനെ വേട്ടയാടിയതുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി കല്ലംപറമ്പിൽ ജോസുകുഞ്ഞാണ് ഫോറസ്റ്റ് ഓഫീസർമാർക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇയാള്‍ ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌.

ഇയാളെ ഫോറസ്‌റ്റ്‌ ഉ്‌ദ്യോഗസ്‌ഥര്‍ സംഘം ചേര്‍ന്ന്‌ മര്‍ദിച്ചതായും മൂന്നാം മുറ പ്രയോഗിച്ചതായും ആരോപിച്ച് ഫോറസ്‌റ്റ്‌ റേഞ്ച്‌ ഓഫീസിലേക്ക്‌ ജനപ്രതിനിധികൾ ഉപരോധ സമരം നടത്തി.

കണയങ്കവയല്‍ നെല്ലിമലയില്‍ സജി ജോസഫ്‌(40), പന്തമാക്കല്‍ സിജോ ഫിലിപ്പ്‌ (38), കൊയ്‌നാട്‌ മധുരങ്കപ്പള്ളിയില്‍ മാര്‍ട്ടിന്‍(50), കാട്ടില്‍ താമസിക്കുന്ന രതീഷ്‌, ചന്ദ്രന്‍ എന്നിവരെയാണ്‌ അഴുത, പമ്പ റേഞ്ച്‌ ഓഫീസര്‍മാരുടെ സംയുക്‌ത പരിശോധനയില്‍ പിടികൂടിയത്‌. ഇവരില്‍ നിന്നും രണ്ട്‌ തോക്കുകളും കാട്ടുപോത്തിന്റെ ഇറച്ചി കൊണ്ടുപോകാന്‍ ഉപയോഗിച്ച ഒരു ജീപ്പും പിടിച്ചെടുത്തിരുന്നു. കാട്ടിനുള്ളില്‍ സ്‌ഥാപിച്ചിരുന്ന ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്‌ഥാനത്തിലാണ്‌ അറസ്‌റ്റ്‌ നടന്നത്‌. ഒന്നാം പ്രതി ജോസുകുഞ്ഞ്‌, ബിജു എന്നിവരെ പിന്നീടാണ്‌ പിടികൂടിയത്‌. ഇവരെ പിടികൂടാന്‍ ഇവരുടെ വീട്ടുകാരെയും ബന്ധുക്കളെയും വനപാലകര്‍ പീഡിപ്പിച്ചതായി ആരോപണമുണ്ട്‌.

കേസിൽ കീഴടങ്ങിയ പ്രതിയെ റെയ്ഞ്ചാഫീസറിന്റെ നേതൃത്വത്തില്‍രാത്രി മുഴുവൻ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം പട്ടിയെക്കൊണ്ട കടിപ്പിച്ചെന്നാണ് പരാതി. മേഖലയിൽ തെളിയാതെ കിടക്കുന്ന കേസുകൾ ഏറ്റെടുക്കാൻ വിസമ്മതിച്ചതിനാണ് ഉപദ്രവം.

സംഭവത്തില്‍ പെരുവന്താനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ടി. ബിനുവിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇനി വീടുകളില്‍ പരിശോധന ഉണ്ടാവില്ലെന്ന്‌ വനപാലകര്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ചര്‍ച്ചയ്‌ക്ക്‌ ശേഷവും പരിശോധന തുടര്‍ന്നു.
ഇതോടെയാണ്‌ ഇന്നലെ ജനപ്രതിനിധികള്‍ ഫോറസ്‌റ്റ്‌ റേഞ്ച്‌ ഓഫീസ്‌ ഉപരോധിച്ചത്‌. പീരുമേട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രജനി വിനോദ്‌, വിധുബാല, സന്ധ്യാ സുഭാഷ്‌, ഏലിയാമ്മ ജോസ്‌, സാലിക്കുട്ടി ജോസഫ്‌, മിനി സുധാകരന്‍, മുഹമ്മദ്‌ നിസ്സാര്‍, ജോസ്‌ മാത്യു, ജിജോ.എം.ആര്‍, എസ്‌.സാബു, ഷൈജന്‍ തുടങ്ങിയവര്‍ ഉപരോധ സമരത്തില്‍ പങ്കെടുത്തു.

സമര സ്‌ഥലത്തെത്തിയ എത്തിയ പീരുമേട്‌ എം.എല്‍.എ ഇ.എസ്‌ ബിജിമോള്‍ വകുപ്പ്‌ മന്ത്രിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ മൂന്നാം മുറ പ്രയോഗിച്ചതായി തെളിഞ്ഞാല്‍ വനം വകുപ്പ്‌ ഉദ്യോഗസ്‌ഥരുടെ പേരില്‍ നടപടി എടുക്കുമെന്ന്‌ ഉറപ്പു നല്‍കി. തുടര്‍ന്ന്‌ മൂന്നോടെ ഉപരോധ സമരം അവസാനിപ്പിച്ചു. എന്നാല്‍ ചോദ്യം ചെയ്യല്‍ മാത്രമാണ്‌ നടന്നതെന്ന്‌ ഫോറസ്‌റ്റ്‌ ഉദ്യോഗസ്‌ഥര്‍ വിശദീകരിച്ചു.