കേരളത്തിൽ ആദ്യമായി കുങ്കിയാന പരിശീലനക്യാമ്പ് മുത്തങ്ങയിൽ; ആദ്യഘട്ട പരിശീലനം മൂന്ന് ആനകള്‍ക്ക്

single-img
11 May 2019

കേരളത്തില്‍ ഇതാദ്യമായി കുങ്കിയാന പരിശീലനക്യാമ്പ് ആരംഭിച്ചു. വയനാട് ജില്ലയിലെ മുത്തങ്ങയിലാണ് ക്യാമ്പ് പ്രവര്‍ത്തിക്കുക. പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടത്തില്‍ കോട്ടൂര്‍ ആനക്യാമ്പില്‍ നിന്നുംഎത്തിച്ച സുന്ദരി,അഗസ്ത്യന്‍,ഉണ്ണികൃഷ്ണന്‍ എന്നീ ആനകള്‍ക്കാണ് പരിശീലനം നല്‍കുന്നത്. ഇവയുടെ പരിശീലനം പൂര്‍ത്തിയാവുന്നതോടെ അവശ്യഘട്ടങ്ങളില്‍ കുങ്കിയാനകള്‍ക്കായി സംസ്ഥാന വനംവകുപ്പിന് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരില്ല.

കേരളത്തില്‍ ആദ്യമായാണ് വനംവകുപ്പിന്റെ നേതൃത്വത്തില്‍ കുങ്കിയാനപരിശീലനം നടക്കുന്നത്. ഓരോ ആനയ്ക്കും ആറുമാസക്കാലമാണ് പരിശീലനം. എല്ലാ ദിവസവും രാവിലെ 6.30 മുതല്‍ വൈകിട്ട് അഞ്ചുമണിവരെയണ് പരിശീലനം. പ്രധാനമായും, ചങ്ങല പിടിക്കുക,ചങ്ങല ചവിട്ടുക,കാട്ടാനകളെ തുരത്തുക, കാട്ടാനകളെ പിടിച്ചുനിര്‍ത്തുക തുടങ്ങിയവയാണ് പരിശീലിപ്പിക്കുന്നത്.

സംസ്ഥാനത്തെ എലഫന്റ് സ്‌ക്വാഡ് ശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം മുത്തങ്ങയിലെ സൂര്യന്‍, കോടനാട് നിന്നുമെത്തിച്ച നീലകണ്ഠന്‍, കോന്നിയില്‍ നിന്നുമെത്തിച്ച സുരേന്ദ്രന്‍ എന്നീ ആനകളെ തമിഴ്‌നാട്ടിലെ തെപ്പക്കാട് ആനക്യാമ്പില്‍ അയച്ച് കുങ്കിപരിശീലനം നല്‍കിയിരുന്നു. അതോടൊപ്പം ഏഴു പാപ്പാന്‍മാര്‍ക്കും പരിശീലനം നല്‍കി.