‘അധ്യാപകന്‍ പരീക്ഷയെഴുതിയത് തന്റെ ആവശ്യപ്രകാരമല്ല’; നീലേശ്വരം സ്‌കൂള്‍ അധ്യാപകനെ കുരുക്കിലാക്കി വിദ്യാര്‍ഥിയുടെ വെളിപ്പെടുത്തല്‍

single-img
11 May 2019

പരീക്ഷ ആള്‍മാറാട്ടത്തില്‍ സസ്‌പെന്റ് ചെയ്യപ്പെട്ട മുക്കം നീലേശ്വരം സ്‌കൂള്‍ അധ്യാപകനെ കുരുക്കിലാക്കുന്ന വെളിപ്പെടുത്തലുമായി വിദ്യാര്‍ഥി രംഗത്ത്. തന്റെ ആവശ്യപ്രകാരമല്ല അധ്യാപകന്‍ പരീക്ഷയെഴുതിയതെന്ന് നീലേശ്വരം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥി പറഞ്ഞു.

മാധ്യമ വാര്‍ത്ത കണ്ടാണ് സംഭവം അറിഞ്ഞത്. നന്നായി പഠിച്ചാണ് പരീക്ഷയെഴുതിയത്. ഫലം തടഞ്ഞുവെച്ചതിനെക്കുറിച്ച് പ്രിന്‍സിപ്പലിനോട് ചോദിച്ചപ്പോള്‍ സാങ്കേതിക പ്രശ്‌നമാണെന്നാണ് പറഞ്ഞതെന്നും വിദ്യാര്‍ഥി പറഞ്ഞു.

പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി അവരുടെ ആവശ്യപ്രകാരമാണ് താന്‍ പരീക്ഷയെഴുതിയതെന്നായിരുന്നു നീലേശ്വരം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ നിഷാദ് വി മുഹമ്മദ് പറഞ്ഞിരുന്നത്.

അധ്യാപകന്‍ പരീക്ഷയെഴുതിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. ഇത്തരം വിഷയം ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് നിഷാദ് വി മുഹമ്മദിന് പുറമെ പരീക്ഷ ചീഫ് സൂപ്രണ്ടും സ്‌കൂള്‍ പ്രിന്‍സിപ്പലുമായ വി റസിയ, ഡപ്യൂട്ടി ചീഫ് സൂപ്രണ്ട് പി.കെ ഫൈസല്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ ഡി.ജി.പിക്ക് പരാതി നല്‍കും.