ചൂര്‍ണിക്കര ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ഓഫീസർ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗം; വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും

single-img
11 May 2019

ചൂര്‍ണിക്കര ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത തിരുവനന്തപുരം ലാന്‍ഡ് റവന്യൂ കമ്മീഷന്‍ ഓഫീസിലെ ജീവനക്കാരന്‍ അരുണിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും. ലാന്‍ഡ് റവന്യൂ കമ്മീഷന്‍ ഓഫീസിലെ ക്ലാര്‍ക്കായ അരുണിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പിടിയിലായ സാഹചര്യത്തിലാണ് വിജിലന്‍സ് ചോദ്യം ചെയ്യുന്നത്. പൊലീസ് കസ്റ്റഡിയിലെടുത്ത അരുണ്‍ കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ  മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്നു.

വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് കേസന്വേഷണം വിജിലന്‍സ് പൂര്‍ണമായും ഏറ്റെടുത്തേക്കുമെന്നും സൂചനയുണ്ട്. വ്യാജരേഖ ഉണ്ടാക്കുന്നതിന് ഉന്നത റവന്യൂ ഉദ്യോഗസ്ഥരുടെ സഹായം കിട്ടിയെന്ന കേസിലെ മുഖ്യപ്രതി അബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്, തിരുവനന്തപുരം ലാന്‍ഡ് റവന്യൂ കമ്മീഷന്‍ ഓഫീസിലെ ജീവനക്കാരനായ അരുണിനെ പൊലീസ് പിടികൂടിയത്.

വ്യാജ ഉത്തരവില്‍ ലാന്റ് റവന്യൂ കമ്മീഷണറുടെ  സീല്‍ പതിപ്പിച്ചത് അരുണായിരുന്നു. വ്യാജരേഖ നിര്‍മ്മിക്കാന്‍ അരുണിന്റെ സഹായം കിട്ടിയെന്ന് അബു പൊലീസിന് മൊഴി നല്‍കിയിരുന്നു. വ്യാജ രേഖ ഉണ്ടാക്കുന്നതിലും മറ്റ് പ്രമാണങ്ങളില്‍ സീല്‍ പതിപ്പിക്കുന്നതിനും മുഖ്യ ഇടനിലക്കാരനായ അബുവിനെ സഹായിച്ചിരുന്നത് അരുണായിരുന്നുവെന്നും സൂചനകളുണ്ട്.

തിരുവഞ്ചൂര്‍ റവന്യൂ മന്ത്രിയായിരിക്കെ രണ്ട് വര്‍ഷത്തോളം ഇയാള്‍ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമായി. എന്നാല്‍  സ്വഭാവ ദൂഷ്യത്തെ തുടര്‍ന്ന് ഇയാളെ തന്‍രെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കുകയായിരുന്നു എന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറയുന്നു.