”ബി.ജെ.പി നേതാക്കള്‍ ഇസഡ് പ്ലസ് സുരക്ഷയുടെ മറവില്‍ പണം കടത്തുന്നു; കഴിഞ്ഞ ദിവസം ബി.ജെ.പി സ്ഥാനാര്‍ഥിയുടെ കാറില്‍ നിന്ന് കോടിക്കണക്കിന് രൂപ പിടിച്ചെടുത്തു; മോദിയുടെ ഹെലിക്കോപ്റ്റര്‍ ലാന്‍ഡ് ചെയ്യുന്ന പ്രദേശത്തിന്റെ ഏഴയലത്തു പോലും മാധ്യമപ്രവര്‍ത്തകരെ അടുപ്പിക്കില്ല’

single-img
11 May 2019

ഹവാല ഇടപാടുകള്‍ വഴി സംസ്ഥാനത്തെ വോട്ടര്‍മാര്‍ക്കിടയില്‍ ബി.ജെ.പി പണം വിതരണം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. എന്നാല്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനോ വിജിലന്‍സോ അന്വേഷണം നടത്തുന്നില്ലെന്നും മമത കുറ്റപ്പെടുത്തി.

ഇസഡ് പ്ലസ് സുരക്ഷയുള്ള ബി.ജെ.പിയുടെ നേതാക്കള്‍ സുക്ഷ്മപരിശോധന ഒഴിവാക്കിയാണ് സംസ്ഥാനത്തേക്ക് പണം കടത്തുന്നത്. കഴിഞ്ഞ ദിവസം ബി.ജെ.പി സ്ഥാനാര്‍ഥിയുടെ കാറില്‍ നിന്ന് കോടിക്കണക്കിന് രൂപ പിടിച്ചെടുത്തു. ഇപ്പോഴും ഇസഡ് പ്ലസ്, വൈ പ്ലസ്, ബി.ജെ.പി പ്ലസ് സുരക്ഷയുള്ള ബി.ജെ.പിയുടെ നേതാക്കള്‍ അവരുടെ സുരക്ഷയുടെ മറവില്‍ പൊലീസ് വാഹനത്തില്‍ നിരവധി പെട്ടികളില്‍ പണം കടത്തുകയാണെന്നും മമത ആരോപിച്ചു.

ബംഗാളിലെ ചിത്രകൂടത്തില്‍ റാലിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹെലികോപ്റ്ററില്‍ നിന്ന് ഒരു പെട്ടി എടുത്ത് സമീപത്ത് നിര്‍ത്തിയിട്ട കാറില്‍ കൊണ്ടുവെച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുകയും ബി.ജെ.പി പണം കടത്തുകയാണെന്ന് ആരോപണമുയരുകയും ചെയ്തിരുന്നു. ഈ സംഭവമാണ് മമത സൂചിപ്പിച്ചത്.

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സാമൂഹിക വിരുദ്ധര്‍ക്ക് ബൂത്തുപിടിക്കാനായി ബി.ജെ.പി പണം നല്‍കി. അവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കി. ഇത് തെരഞ്ഞെടുപ്പാണോ എന്നും മമത ചോദിച്ചു. മാധ്യമങ്ങളോ തെരഞ്ഞെടുപ്പ് ഓഫീസറോ ഫോട്ടോകളെടുക്കുന്നത് പെരുമാറ്റച്ചട്ടത്തില്‍ അനുവദിക്കുന്നുണ്ട്.

എന്നാല്‍ പ്രധാനമന്ത്രി ഉള്ളിടത്ത് എന്തുകൊണ്ടാണ് മാധ്യമങ്ങളേയോ തെരഞ്ഞെടുപ്പ് ഓഫീസറേയോ വിലക്കുന്നത്. ഒരു ദിവസം ഒരു പെട്ടിയുടെ ചിത്രം പുറത്തുവന്നു. ഇങ്ങനെ എത്രയെത്ര പെട്ടികള്‍ ബംഗാളിലേക്ക് ബി.ജെ.പി കൊണ്ടു വന്നിട്ടുണ്ടെന്ന് ആര്‍ക്കറിയാം – മമത ചോദിച്ചു.

ബി.ജെ.പിയിലേക്ക് ആളെ കൂട്ടാനായി കോണ്‍ട്രാക്റ്റര്‍മാരെ നിയമിക്കുന്നതായും, ഇവര്‍ വഴിയാണ് പണം കൈമാറുന്നതെന്നും മമത ആരോപിച്ചു. ‘നരേന്ദ്ര മോദിയുടെ ഹെലിക്കോപ്റ്റര്‍ ലാന്‍ഡ് ചെയ്യുന്ന പ്രദേശത്തിന്റെ ഏഴയലത്തു പോലും മാധ്യമപ്രവര്‍ത്തകരെ അടുപ്പിക്കില്ല, അതെന്തു കൊണ്ടാണ്’ മമത ചോദിച്ചതായി ദ ഹിന്ദു റിപ്പോര്‍ട്ടു ചെയ്തു.