വ്യാജരേഖ: അരുണ്‍ സീല്‍ പതിപ്പിച്ചത് സൂപ്രണ്ട് ഭക്ഷണം കഴിക്കാന്‍ പോയ സമയത്ത്; കോഴ 30,000 രൂപ

single-img
11 May 2019

ചൂര്‍ണിക്കരയില്‍ നിലം നികത്താനായി വ്യാജരേഖ നിര്‍മിച്ച ലാന്‍ഡ് റവന്യു കമ്മീഷണര്‍ ഓഫീസിലെ ക്ലാര്‍ക്ക് അരുണിനു കൈക്കൂലിയായി ലഭിച്ചത് 30,000 രൂപ. റവന്യൂവകുപ്പ് സൂപ്രണ്ട് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പോയ സമയത്താണു താന്‍ വ്യാജരേഖയില്‍ സീല്‍ പതിപ്പിച്ചതെന്നും ഇതിന് അപേക്ഷയുടെ രസീത് നമ്പരാണു റഫറന്‍സാക്കിയതെന്നും അരുണ്‍ മൊഴി നല്‍കി.

കേസിലെ പ്രധാന പ്രതി അബു ബീരാനൊപ്പമാണ് പോലീസ് അരുണിനെയും കസ്റ്റഡിയിലെടുത്തത്. അബുവിനെ വിജിലന്‍സ് ഡിവൈഎസ്പി ബി.എം. വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തിരുന്നു. അബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണു വ്യാജരേഖ നിര്‍മിക്കാന്‍ സഹായിച്ചതിന് അരുണിനെ അറസ്റ്റ് ചെയ്തത്.

തട്ടിപ്പ് ആദ്യം കണ്ടെത്തിയ ചൂര്‍ണിക്കര വില്ലേജ് ഓഫീസര്‍ ആര്‍. ശശിലേഖയുടെ സാന്നിധ്യത്തില്‍ ആലുവ ഡിവൈഎസ്പി ഓഫീസിലായിരുന്നു ചോദ്യംചെയ്യല്‍. ചൂര്‍ണിക്കരയില്‍ മണ്ണിട്ടു നികത്തിയ 25 സെന്റ് വയല്‍ കരഭൂമിയായി മാറ്റാനാണ് അബു വ്യാജരേഖ നിര്‍മിച്ച് ഭൂവുടമയ്ക്കു നല്‍കിയത്. റവന്യൂ മന്ത്രിയായിരിക്കെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമായിരുന്നു അരുണ്‍.